യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്സ് കോൺഗ്രസിൽ കടുത്ത അതൃപ്തി. പ്രഖ്യാപിക്കപ്പെട്ട നിയമനങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും അഡ്വക്കേറ്റ് ജനറലിനും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
പാർട്ടിക്ക് വേണ്ടി വർഷങ്ങളോളം കോടതികളിൽ നിലകൊണ്ടവരെ അവഗണിച്ചാണ് നിയമനം നടത്തിയത്. ആകെ നടത്തിയ നിയമനങ്ങളിൽ വെറും 20 പേർ മാത്രമാണ് ലോയേഴ്സ് കോൺഗ്രസ് സംഘടനയിൽ നിന്നുള്ളവർ. കോൺഗ്രസ് പ്രവർത്തകരായ അഭിഭാഷകർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം.
എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളാണ് യോഗത്തിൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. കൃത്യമായ പ്രവൃത്തിപരിചയമോ കോടതി പരിചയമോ ഇല്ലാത്ത പലരെയും ജി.പിമാരായി തിരുകിക്കയറ്റിയിട്ടുണ്ട്.
അനുഭവസമ്പത്തില്ലാത്ത അഭിഭാഷകർ സർക്കാർ പക്ഷം വാദിക്കാൻ ഹൈക്കോടതിയിൽ എത്തുന്നത് വലിയ നിയമപരമായ പരാജയങ്ങൾക്ക് വഴിവെക്കും. ഇത് കോടതിയിൽ സർക്കാരിന് കനത്ത തിരിച്ചടി ഉണ്ടാക്കാൻ കാരണമാകുമെന്നും യോഗം വിലയിരുത്തി.
വ്യാപകമായ പരാതി ഉയർന്ന പശ്ചാത്തലത്തിൽ, നിയമനങ്ങൾ പുനഃപരിശോധിക്കണമെന്ന സംഘടനയുടെ ശക്തമായ ആവശ്യം നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ലോയേഴ്സ് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പി.കെ. അബ്ദുൽ റഹ്മാനെ യോഗം ചുമതലപ്പെടുത്തി.