വെള്ള അരി ലഭിക്കുന്ന നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുടമകൾ തടസം നിൽക്കുന്നുവെന്ന പരാതിയുമായി വയനാട്ടിലെ നെൽകർഷകർ. രണ്ടാം വിളയിൽ ഉൾപ്പെടുത്തി സപ്ലൈക്കോ ആദ്യ ഘട്ടത്തിലെ നെല്ല് സംഭരണം നടത്തുമ്പോൾ പണം ലഭിക്കുന്നത് വൈകുമെന്ന ആശങ്കയിലാണ് കർഷകർ.
കർഷകർക്ക് കൂടുതൽ ആദായം ലഭിക്കുന്നത് വെള്ള അരി ലഭിക്കുന്ന നെല്ലിനാണ്. എന്നാൽ സപ്ലൈക്കോ മില്ലുകളുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി മട്ട നെല്ല് കൂടുതൽ സംഭരിക്കാനാണ് ഇവർക്ക് താത്പര്യം. വെള്ള അരി ലഭിക്കുന്ന നെല്ല് കൃഷി ചെയ്താൽ ഏക്കറിൽ നിന്ന് 15,000 രൂപയെങ്കിലും അധികം ലഭിക്കുമെന്ന് വയനാട്ടിലെ കർഷകർ പറയുന്നു.
ഒന്നാംവിള നെല്ല് സംഭരിക്കുന്ന തിയതി ഡിസംബറിൽ അവസാനിച്ചു. കാലാവസ്ഥ പ്രശ്നങ്ങൾ കാരണം പലയിടത്തും ഒന്നാം വിളയുടെ മെതി പൂർത്തിയാകുന്നതേയുള്ളൂ. ഇത് രണ്ടാം വിളയുടെ ഭാഗമായി സംഭരിക്കാനാണ് ഇപ്പോൾ നീക്കം. അങ്ങനെയെങ്കിൽ കർഷകർക്ക് പണം ലഭിക്കുന്നത് വീണ്ടും വൈകുമെന്നാണ് ആശങ്ക.
നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ നെല്ല് സപ്ലൈകോ മുഖേന നൽകാൻ കഴിയൂ. സംഭരണ നടപടിക്രമങ്ങളും പണം ലഭ്യമാക്കലും സുതാര്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.