പാലക്കാട്ട്, വേനല്‍മഴയില്‍ നെല്ല് കുതിര്‍ന്ന് നശിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭരണം തുടങ്ങി സപ്ലൈക്കോ. 50 ദിവസമായി കൊയ്തുവച്ച, ധോണി പാടശേഖരത്തിലെ നെല്ലിന്‍റെ സംഭരണമാണ് ആരംഭിച്ചത്. മനോരമ ന്യൂസ് ഇംപാക്ട്.
രാവും പകലുമില്ലാതെ നെല്ലിന് കാവല്‍ കിടക്കേണ്ടിവന്ന കര്‍ഷകരെ ഞങ്ങള്‍ കണ്ടിരുന്നു. ആധ്വാനിച്ച് വിളയിച്ച നെല്ല് കാട്ടാനകള്‍ ഇറങ്ങി നശിപ്പിക്കുന്നത് ധോണി പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. 50 ദിവസം പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ ആരും വന്നില്ല. അതിനിടയില്‍ വന്ന വേനല്‍മഴയാണ് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയത്. ഈ പ്രദേശത്ത് സൂക്ഷിച്ച ഏതാണ്ട് 1200ഓളം നെല്‍ചാക്കുകളില്‍ വെള്ളം കയറി. മനോരമ ന്യൂസ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവരും വരെ ആരും അനങ്ങിയില്ല. വാര്‍ത്ത വന്നതോടെ കര്‍ഷകര്‍ക്ക് പഞ്ചായത്ത് അംഗം മുതല്‍ മന്ത്രി എം.ബി.രാജേഷിന്‍റെ വരെ വിളിയെത്തി. ലോറികള്‍ എത്തി നെല്ലെടുത്ത് തുടങ്ങി.
രണ്ടാംവിള നെല്ല് ഏറെ വൈകിയാണെങ്കിലും സംഭരിച്ചതിന്‍റെ ആശ്വാസത്തിലാണ് കര്‍ഷകര്‍. എന്നാല്‍, നെല്ലിന്‍റെ ഈര്‍പ്പം ചൂണ്ടിക്കാട്ടി മില്ലുകാര്‍ വിലകുറയ്ക്കുമെന്ന ആശങ്ക ഇവര്‍ക്കുണ്ട്. സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇക്കുറി ജില്ലയില്‍ സപ്ലൈക്കോയുടെ നെല്ല് സംഭരണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കാതെ ജില്ലയിലെ മറ്റിടങ്ങളിലും സംഭരണ നടപടികള്‍ വേഗത്തിലാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.