മോട്ടോർ പമ്പ് കേടായതോടെ മൂന്നാഴ്ചയായി കുടിവെള്ളത്തിനായി നട്ടംതിരിഞ്ഞ് പാലക്കാട് അട്ടപ്പാടി മേലെ മുള്ളിയിലെ 150 ഓളം കുടുംബങ്ങൾ. ഓട്ടോറിക്ഷയ്ക്ക് പണം കൊടുത്തും തലച്ചുമടായിട്ടുമാണ് ആളുകൾ വെളളം എത്തിക്കുന്നത്.

പുതൂർ പഞ്ചായത്തിലെ ശുദ്ധജല പദ്ധതിയുടെ ഭാഗമായ കുടിവെള്ള ടാങ്കിന്‍റെ മോട്ടോർ ആണ് മൂന്നാഴ്ചയായി കേടായത്. ഇതോടെ അട്ടപ്പാടി മേലെ മുള്ളിയിലെ 150 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇതോടെ അരകിലോമീറ്റർ അകലെയുള്ള തോട്ടിൽ നിന്നാണ് ആളുകൾ വെള്ളം ശേഖരിക്കുന്നത്. തലച്ചുമടായി വെള്ളം എത്തിക്കേണ്ട അവസ്ഥ. ഓട്ടോയിൽ വെളളം എത്തിക്കാൻ പാത്രം ഒന്നിന് 10 രൂപ വച്ച് നൽകണം. പൈസ കൊടുക്കാൻ ഇല്ലാത്തവർ വെള്ളം ചുമക്കാതെ നിവൃത്തിയില്ല.

ശുചിമുറികൾ ഉപയോഗശൂന്യമായതിനാൽ പ്രാഥമിക കൃത്യങ്ങൾക്കായി പുഴയോരങ്ങളും പുറമ്പോക്കുമാണ് ആളുകൾ ആശ്രയിക്കുന്നത്. കഴിഞ്ഞ ആറുമാസം മുൻപ് മോട്ടോർ കേടായപ്പോൾ അത് ശരിയാക്കിയതിന്‍റെ പണം പോലും ഇതുവരെ ഐടിഡിപിയിൽ നിന്നും കിട്ടിയിട്ടില്ല. നിരവധി കുടിവെള്ള പദ്ധതികൾ ഈ പ്രദേശത്ത് ഉണ്ടെങ്കിലും ഇതൊന്നും ഫലപ്രദമല്ലെന്നാണ് ഊര് നിവാസികൾ പറയുന്നത്. ഇതെല്ലാം പഞ്ചായത്തിനെയും ഐടിഡിപിയെയും അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി.

ENGLISH SUMMARY:

Around 150 families in Mele Mulli, Attappadi, Palakkad, have been struggling for drinking water for three weeks due to a broken motor at the local Puthur panchayat water supply tank. Residents are forced to fetch water from a stream half a kilometer away, carrying it on their heads or paying 10 rupees per container for auto-rickshaw transport. The water crisis has also left toilets unusable, forcing locals to resort to riverbanks for basic sanitation needs. Although authorities have been informed of the situation—following previous unpaid repair bills from six months ago—villagers complain that neither the panchayat nor the ITDP has taken any action.