പാലക്കാട് അഗളിയിൽ 10 വർഷം മുൻപ് കാട്ടാന കൊലപ്പെടുത്തിയ ആദിവാസി ഉന്നതിയിലെ പീലാണ്ടിയുടെ കൃഷിഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയെന്ന് പരാതി. എട്ട് ഏക്കർ ഭൂമിയാണ് മറ്റൊരാൾ പട്ടയം ഉണ്ടാക്കി തട്ടിയെടുത്തത്. ഭൂമി തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
അഗളി മൂച്ചിക്കടവ് തോട്ടാപ്പുരയിലെ ഈ കൃഷിയിടത്തിൽ വച്ചാണ് 10 വർഷം മുൻപ് പീലാണ്ടിയെ കാട്ടാന കൊലപ്പെടുത്തിയത്. കൃഷി നശിപ്പിക്കാൻ എത്തിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് പാലീണ്ടിക്കു കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. പീലാണ്ടി ഉൾപ്പെടെ ആറു പേരെ കൊന്ന കാട്ടാനയെ പിന്നീട് വനം വകുപ്പ് പിടികൂടിയിരുന്നു. ഈ ആനയും പീലാണ്ടി എന്ന പേരിലാണ് അറിയപ്പെട്ടത്.
ഭാര്യ മുരുകി അതേ ഭൂമിയിൽ കൃഷി ചെയ്തിരുന്നെങ്കിലും വന്യമൃഗ ശല്യം രൂക്ഷമായതോടെ മക്കളോടൊപ്പം ഊരിലേക്ക് താമസം മാറിയിരുന്നു. ഏതാനും മാസം മുൻപ് കാട് വെട്ടിത്തെളിക്കാൻ ഇവിടെ എത്തിയപ്പോളാണ് അടയാളകല്ലുകൾ നാട്ടിയതായി കണ്ടത്.
സ്വകാര്യ വ്യക്തി വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയ എട്ട് ഏക്കർ ഭൂമി തിരികെ ലഭിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. നിക്ഷിപ്ത വനഭൂമിയിൽപ്പെട്ട ഈ സ്ഥലം ആദിവാസി വിഭാഗം പരമ്പരാഗതമായി കൃഷിചെയ്യുന്ന പഞ്ചക്കാടാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി. ഉടമകളെന്ന് അവകാശപ്പെട്ട ചിലർ ഭീഷണിപ്പെടുത്തുന്നതായും കുടുംബത്തിന് പരാതിയുണ്ട്.