പാലക്കാട് മുണ്ടൂരിൽ കോളജ് വിദ്യാർഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു മരണം. മൂന്ന് വിദ്യാർഥികൾക്കും ഒരു നാട്ടുകാരനും അപകടത്തില്‍ പരുക്കേറ്റു. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. ഉച്ചയോടെ മുണ്ടൂർ ഒൻപതാം മൈലിൽ വച്ചാണ് അപകടം.
പള്ളിയിൽ പോയ ശേഷം വിദ്യാർഥികൾ തിരിച്ച് കോളേജിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. പാലക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ഇവർക്ക് ഇടയിലേക്ക് പറഞ്ഞു കയറുകയായിരുന്നു. മുഹമ്മദ് ഫർഹാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്.
ആശുപത്രി മാലിന്യം മലമ്പുഴ പ്ലാന്‍റിൽ എത്തിച്ച ശേഷം തിരിച്ച് കാസർകോട് ഭാഗത്തേക്ക് പോകുമ്പോഴാണ് ഐഎംഎയുടെ ലോറി അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. മഴക്കാലം തുടങ്ങിയത് മുതൽ മുണ്ടൂർ-തൂത സംസ്ഥാന പാത സ്ഥിരം അപകട മേഖലയാകുകയാണ്.
ENGLISH SUMMARY:
A tragic accident occurred in Mundur, Palakkad, where a speeding lorry plowed into a group of college students, resulting in one death and injuries to three others. The deceased has been identified as Mohammed Farhan, a second-year BCA student at Yuvakshetra College. The incident took place at Ninth Mile as the students were returning to campus after visiting a local mosque. Preliminary findings suggest that the lorry, which was transporting waste to Malampuzha and heading toward Kasaragod, suffered a brake failure, leading to the loss of control.