ഗന്ധകശാല നെല്ലിന്‍റെ വിളഭൂമിയായ വയനാട്ടിലെ ചേകാടി പാടത്ത് ഇപ്പോള്‍ നിറയുന്നത് കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങളാണ്. ചേകാടിയുടെ തനത് രുചി. വയലോരത്തെ കാവല്‍മാടങ്ങളില്‍ ഒരുക്കിയ പുതിയ രൂചിക്കൂട്ടുകള്‍.
പുല്ലുമേഞ്ഞ കാവല്‍മാടത്തിന് താഴെ മണ്ണുമെഴുകിയ ചെറിയ അടുപ്പ്. കനല്‍ എരിയിക്കാന്‍ പ്രത്യേകം തയാറാക്കിയ ആല. ചിക്കനും മീനും ചുട്ടെടുക്കുന്നതിന്‍റെ തിരക്കിലാണ് അജയേട്ടന്‍. ഹിറ്റായി മാറിയ അജയേട്ടന്‍റെ കാപ്പിക്കടയ്ക്ക് തൊട്ടടുത്തായി ഇനി ചുട്ടെടുത്ത ചിക്കനും നല്ല പുഴമീനും കിട്ടും. ചുട്ട ചിക്കനും കാച്ചിലും കാന്താരി ചമ്മന്തിയും കട്ടന്‍ കാപ്പിയുമാണ് പുതിയ കോമ്പിനേഷന്‍.
തൊട്ടടുത്ത കബനി നദിയില്‍ നിന്നാണ് മീന്‍ പിടിക്കുന്നത്. കനല്‍ എരിയിച്ച് സന്ദര്‍ശകര്‍ക്ക് ചിക്കന്‍ ചുടണമെങ്കില്‍ അതിനും സൗകര്യം ഒരുക്കും. വിശാലമായ ചോകാടി പാടത്തെ കാവല്‍മാടങ്ങളില്‍ ഇരുന്ന് ഉഷാറായി ഭക്ഷണം കഴിക്കാം. ചേകാടി നവ എന്ന കാര്‍ഷിക കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന പൈതൃക നടത്തം, പൈതൃക താമസം ഒപ്പം ഇതാ പൈതൃക ഭക്ഷണത്തിന്‍റെ പുതിയ രുചിക്കൂട്ടും.