വയനാട് നൂല്‍പ്പുഴയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി നിലയുറപ്പിച്ച് ഭീതിപരത്തിയ കാട്ടാനകളെ തുരത്തി. കണ്ണങ്കോട് വയല്‍ പ്രദേശത്ത് ഇറങ്ങിയ മൂന്ന് കൊമ്പന്‍മാരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാടുകയറ്റിയത്.
ഇന്ന് രാവിലെയാണ് കണ്ണങ്കോട് ജനവാസ മേഖലയില്‍ നാട്ടുകാര്‍ കാട്ടാനകളെ കണ്ടത്. പഴൂര്‍ വനമേഖലയില്‍ നിന്നാണ് മൂന്ന് കൊമ്പന്‍മാര്‍ ഇറങ്ങിയത്. ആനകള്‍ നമ്പിക്കൊല്ലി കല്ലൂര്‍ അറുപത്തേഴ് റോഡ് മുറിച്ചുകടന്ന് കണ്ണങ്കോട് പുഴയോരത്ത് നിലയുറപ്പിക്കുകയായിരുന്നു. കൃഷിയിടത്ത് ആനകള്‍ നിലയുറപ്പിച്ചതോടെ ആളുകള്‍ ഭയപ്പാടിലായി.
മുത്തങ്ങ റേഞ്ചിലെ വനപാലകരും ആര്‍ആര്‍ടി സംഘവുമെത്തി ആനകളെ തുരത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ ജാഗ്രതയുടെ ഭാഗമായി നമ്പിക്കൊല്ലി കല്ലൂര്‍ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു. ആനകള്‍ കോട്ടക്കുനി ഭാഗത്തേക്ക് നീങ്ങിയത് ഏറെ നേരം ആശങ്ക പരത്തി. വനപാലകര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ആനകളെ വനത്തിലേക്ക് തുരത്തിയത്. കാട്ടാനകളെ കാടുകയറ്റാന്‍ മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് ഭരത്, പ്രമുഖ് എന്നി കുങ്കിയാനകളെയും എത്തിച്ചിരുന്നു.