വയനാട്ടില്‍ മുണ്ടക്കൈ–ചൂരല്‍മല അതിജീവിതര്‍ക്കായി നിര്‍മിക്കുന്ന കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂര്‍ത്തിയായി. ജൂലൈയില്‍ ഈ വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ് ലക്ഷ്യം.അതിജീവിക്കുന്ന വയനാടിന്‍റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട്. നിര്‍മാണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴാണ് മാതൃകാ വീടിന്‍റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാകുന്നത്.
കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളായി തിരിച്ചാണ് വീടുകളുടെ നിര്‍മാണം. ആദ്യ വീട് എഴുപത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ക്കായി സമര്‍പ്പിക്കും. വീടിന്‍റെ ഗുണമേന്‍മ ഉറപ്പുവരുത്താനാണിത്. ഭൂകമ്പത്തെ അതിജീവിക്കുന്ന തരത്തില്‍ പില്ലറുകളിലാണ് വീട് നിര്‍മിക്കുന്നത്.
പില്ലറുകള്‍ക്ക് ഇടയില്‍ ഫ്ലൈആഷ് കട്ട കെട്ടിയാണ് ചുവരുകള്‍ വേര്‍ത്തിരിക്കുക. മഴക്കാലം നിര്‍മാണത്തില്‍ വെല്ലുവിളിയാണ്. എങ്കിലും ആദ്യ സോണില്‍ ഉള്‍പ്പെടുന്ന 99 വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തീര്‍ക്കാന്‍ കഴിയുമെന്നാണ് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ പ്രതീക്ഷ. ആകെ 450ലധികം വീടുകളാണ് ദുരന്ത ബാധിതരുടെ കുടുംബങ്ങള്‍ക്കായി ഈ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്യുന്നത്.