palakkad

TOPICS COVERED

സപ്ലൈക്കോ വഴി നെല്ല് കൈമാറിയ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്‍റെ വക വായ്പാ കുരുക്ക്. നെല്ലിന്‍റെ സംഭരണ തുക വായ്പയെന്ന രൂപത്തില്‍ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചതോടെ, മറ്റൊരു വായ്പ കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പാലക്കാട് ആലത്തൂരുള്ള ക്ഷീരകര്‍ഷകനായ നസീര്‍, ആറ് ലക്ഷം രൂപയ്ക്ക് ഡയറി ഫാമിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോളാണ് വായ്പ തരില്ലെന്ന് ബാങ്ക് അറിയിച്ചത്.

പൊതുമേഖലാ ബാങ്കുകള്‍ വായ്പയായിട്ടാണ് നെല്ല് സംഭരണത്തിന്‍റെ തുക കര്‍ഷകര്‍ക്ക് നല്‍കാറുള്ളത്. അത് യഥാസമയം, ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കണ്ടത് സപ്ലൈക്കോയുടെ മാത്രം ബാധ്യതയാണ്. മറ്റൊരു വായ്പയ്ക്ക് കര്‍ഷകര്‍ ചെല്ലുമ്പോള്‍ ഈ സാങ്കേതികത്വത്തിന്‍റെ പേരില്‍ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ചാണ് ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിയായ കര്‍ഷകന്‍ നസീറിന് നീതി നിഷേധമുണ്ടായത്. വായ്പാ നല്‍കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയതിന് പിന്നാലെ ഫാം തുടങ്ങുന്നതിന്‍റെ ഭാഗമായി ആറ് ലക്ഷം മുടക്കി നസീര്‍ തൊഴുത്ത് പണിതു. ഒടുവില്‍ കാര്യത്തോട് അടുത്തപ്പോള്‍ നെല്ല് സംഭരണത്തിന്‍റെ ബാധ്യത പറഞ്ഞ് പത്ത് ലക്ഷത്തിന്‍റെ ലോണ്‍ നിഷേധിക്കപ്പെട്ടു.

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള സബ്സിഡി–വായ്പാ നിഷേധിക്കപ്പെട്ടതോടെ മറ്റൊരു കടക്കെണിയുടെ വക്കിലാണ് നസീര്‍. സിബില്‍ സ്കോര്‍ കൃത്യമായുണ്ട്. എന്നാല്‍ വായ്പാ തിരിച്ചടവിന്‍റെ മാനദണ്ഡ‍ം കണക്കാക്കുന്ന ക്രിഫ് സ്കോര്‍ കുറവാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സപ്ലൈക്കോ കോടികളുടെ കുടിശിക വരുത്തിയതോടെ വീണ്ടും സാങ്കേതിക വായ്പയുടെ പേരില്‍ കര്‍ഷകരെ ആട്ടിപ്പുറത്താക്കുകയാണ് ബാങ്കുകള്‍.

മനോരമ ന്യൂസ്, പാലക്കാട്

ENGLISH SUMMARY:

Farmer loans are in crisis in Kuttanad due to paddy procurement issues, leaving farmers in distress and unable to secure further financial assistance. This situation highlights the urgent need for policy changes to support agricultural communities.