പാലക്കാട് മരുതറോഡിലെ എം.വി.ഡി എൻഫോഴ്സ്മെന്റ് ഓഫിസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയിട്ട് അഞ്ചുദിവസം. ബില്ലടക്കാത്തതിനെ തുടര്‍ന്നാണ് ഫ്യൂസ് ഊരിയത്. കുടിശിക തീർക്കാത്തത് സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സമാന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
ഓഫിസിലെ വൈദ്യുതി കെ.എസ്.ഇ.ബി വിഛേദിച്ചതോടെ പൂർണമായി ഇരുട്ടിലാണ് എം.വി.ഡി ഓഫിസ്. എ.ഐ ക്യാമറകൾ നിശ്ചലമായി, ഇലക്ട്രിക് വാഹനങ്ങൾ കട്ടപ്പുറത്തായി. നവംബർ മുതൽ ബില്ലടച്ചില്ലെന്നും കുടിശിക അര ലക്ഷം കടന്നെന്നും കാണിച്ചായിരുന്നു നടപടി. പരിഹാര നീക്കങ്ങൾ നടക്കുന്നുണ്ട്. സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ കുടിശിക വരുത്തുന്നതിൽ വൈദ്യുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നീക്കമില്ലെന്നായതോടെ പലയിടങ്ങളിൽ ഫ്യൂസ് ഊരി തുടങ്ങി. മറ്റു മാർഗങ്ങളില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ കുടിശ്ശിക വരുത്താനിവില്ലെന്നും എല്ലാ വകുപ്പുകളോടും സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ കൃഷി വകുപ്പിനു കീഴിലുള്ള ഓഫിസുകളിലും കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിരുന്നു. കുടിശിക പിരിച്ചു കെ.എസ്.ഇ.ബി മുന്നോട്ട് പോകുമ്പോൾ മറ്റു വകുപ്പുകൾക്കിടയിൽ അമർഷവുമുണ്ട്.