നേമം കെ.എസ്.ഇ.ബി സെക്ഷനിൽ ഡ്രൈവറായിരിക്കേ, ഡ്യൂട്ടിക്കിടെ ഇടിമിന്നലേറ്റ സുഹൃത്തുക്കളെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ച വൈശാഖ് (32) ന്യൂമോണിയ ബാധിച്ച് മരിച്ചു. ബാലരാമപുരം തേമ്പാമുട്ടം പാറക്കോണം ശിവശ്രീയിൽ പരേതനായ ശിവന്റെയും ലതയുടേയും മകൻ വൈശാഖിന് നാട് കണ്ണീരോടെയാണ് വിട ചൊല്ലിയത്.
സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വൈശാഖ് ന്യൂമോണിയ ബാധിച്ച് 25 ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. 2016-18 ൽ നേമം കെ.എസ്.ഇ.ബി സെക്ഷനിൽ ഡ്രൈവറായിരുന്നു.
ഡ്യൂട്ടിക്കിടെ ഇടിമിന്നലേറ്റ സുഹൃത്തുക്കളെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ച വൈശാഖിനെ സെക്ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാർ ഇന്നും ഓർക്കുന്നു. ഇടിമിന്നലേറ്റ സംഭവത്തിൽ ഒരാൾ മരണപ്പെടുകയും ഒരാൾക്ക് ജീവൻ തിരികെ ലഭിക്കുകയും ചെയ്തു. ഒരാൾ മരിച്ചതിൽ വൈശാഖ് അതീവ ദു:ഖത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന എസ്.എൽ.എ ബാധിതനായി 10 വർഷമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.