സര്‍ക്കാരിന് വന്‍ നാണക്കേടായി കെ.എസ്.ഇ.ബി ഓഫീസിലെ വ്യാപക കൈക്കൂലി. ഓപ്പറേഷന്‍ ഷോര്‍ട് സര്‍ക്യൂട്ട് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് പതിനാറ് ലക്ഷത്തി അമ്പതിനായിരം രൂപ കൈക്കൂലി. കരാറുകാരില്‍നിന്ന് രണ്ടായിരം മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തി.
സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതി മുക്തമാക്കിയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വിജിലന്സ് റിപ്പോര്‍ട്ട് എടുത്ത് വായിച്ചാല്‍ ഷോക്കടിക്കും. അത്രയ്ക്കും ഗൗരവും നാണക്കേടുമുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 41 ഉദ്യോഗസ്ഥരുടെ അക്കൗണ്ട് മാത്രം പരിശോധിച്ചപ്പോള്‍ 16, 5000 രൂപയുടെ കൈക്കൂലി. വെറും അഞ്ച് വര്‍ഷം കൊണ്ട് ബാങ്ക് അക്കൗണ്ടിലൂടെ മാത്രം വാങ്ങിയതാണിത്. ഓഫീസിലെത്തുന്നവരോട് പണമായി പിഴിയുന്നത് കണക്കാക്കിയാല്‍ ഇതിന്‍റെ പലമടങ്ങ് ഇരട്ടിയാകും. ഏറ്റവും വലിയ ഡാമുള്ള ഇടുക്കി ജില്ലയിലാണ് കൈക്കൂലിയും കൂടുതല്‍. കുമളിയിലും കട്ടപ്പനയിലുമുള്ള സെക്ഷന്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ കിമ്പളമായി വാങ്ങിക്കൂട്ടിയത് നാലരക്ഷത്തോളം രൂപയാണ്. തൊട്ടുപിന്നില്‍ വൈദ്യിതി മന്ത്രിയുടെ സ്വന്തം ജില്ലയായ പാലക്കാടാണ്. രണ്ടര ലക്ഷത്തോളം കൈക്കൂലി അവിടത്തെ ഉദ്യോഗസ്ഥര്‍ പോക്കറ്റിലാക്കി. തിരുവല്ലയില്‍ വൈദ്യുതി ഓഫീസിനടത്തുള്ള ഒരു കട കൈക്കൂലി വാങ്ങാനുള്ള ഇടനില കേന്ദ്രമാണ്. കടയുടമ കൈക്കൂലി വാങ്ങും ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കും. 167000 രൂപ ഇങ്ങിനെ കൈമാറിയതായി കണ്ടെത്തി. എറണാകുളത്ത് രണ്ട് ഉദ്യോഗസ്ഥര്‍ മാസം തോറും രണ്ടായിരം രൂപ വീതം കൈക്കൂലി ശമ്പളം പോലെ വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇങ്ങിനെ എല്ലാ ജില്ലയിലും കൈക്കൂലി വ്യാപകം. കരാറുകാരില്‍ നിന്നാണ് ഇതെല്ലാം വാങ്ങുന്നത്. നടപടിക്രമം പാലിക്കാതെ കരാര്‍ കിട്ടാനും കിട്ടിയ കരാര്‍ ജോലി നന്നായി ചെയ്യാതെ സര്‍ക്കാരിനെ പറ്റിക്കാനുമൊക്കെയാണ് ഈ കൈക്കൂലി. ഇങ്ങിനെ കൈക്കൂലി കൊണ്ട് കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കും ലാഭം മാത്രം. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.