തിരഞ്ഞെടുപ്പില്‍ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ്. വികസനം ചര്‍ച്ചയാക്കി തുടര്‍ഭരണമാണ് ഇടതുമുന്നണി ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാരിന്‍റെ പോരായ്മകള്‍ തുറന്നുകാട്ടാന്‍ പ്രതിപക്ഷവും. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണ് ഇന്നും കേരളത്തില്‍ പ്രധാന വിഷയങ്ങളായി തുടരുന്നത്. നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ല്‍ ഈ വിഷയത്തില്‍ വോട്ടിങ് നടന്നു.
കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റമെങ്ങനെ എന്നായിരുന്നു എന്നായിരുന്നു മനോരമന്യൂസ് – സി വോട്ടര്‍ ‘ഇലക്ഷന്‍ പള്‍സ്’ സര്‍വേയില്‍ നല്‍കിയ ചോദ്യം. ഇതില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും വിലക്കയറ്റമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. 67.1 ശതമാനമാണ് വിലകയറ്റം ഉണ്ടെന്ന് പറയുന്നത്. വിലയില്‍ മാറ്റമില്ലെന്ന് അനുഭവപ്പെടുന്നവര്‍ 21.7 ശതമാനവും വില കുറയുന്നു എന്നഭിപ്രായമുള്ളവര്‍ 6.4 ശതമാനവുമാണ്. അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയവര്‍ 4.8 ശതമാനവുമാണ്. മുന്‍ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റമുണ്ടെന്ന് അഭിപ്രായപ്പെടുന്നവര്‍ കുറയുകയാണ്. ആദ്യ ആഴ്ചയില്‍ 69.8 ശതമാനം പേരും രണ്ടാം ആഴ്ചയില്‍ ഇത് 68.2 ശതമാനവുമായിരുന്നു.
മനോരമന്യൂസ് – സി വോട്ടര്‍ ‘ഇലക്ഷന്‍ പള്‍സ്’ സര്‍വേയില്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ പ്രശ്നമെന്ത് എന്നായിരുന്നു വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ച ചോദ്യം. തൊഴിലില്ലായ്മയും (30.3%), അഴിമതിയും (25.5 %) ആണ് കഴിഞ്ഞ ആഴ്ചയില്‍ വോട്ടര്‍മാര്‍ കേരളത്തിലെ ഗുരുതരമായ പ്രശ്നമായി കണ്ടത്. വിലക്കയറ്റം 19.1 %, സ്ത്രീകള്‍ക്കെതിരായ അതിക്രമം 4.7 %, വര്‍ഗീയത 4.6 %, വികസന മുരടിപ്പ് 4.5% എന്നിങ്ങനെ വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തി. അഭിപ്രായമില്ലെന്ന് പറഞ്ഞവര്‍ 11.3 %. കഴിഞ്ഞാഴ്ച ജനം ഉയര്‍ത്തികാട്ടിയ പ്രധാന പ്രശ്നം അഴിമിതിയായിരുന്നു, 31 .3 %. ഈ ആഴ്ചയിലെത്തിയപ്പോള്‍ അത് തൊഴിലില്ലായ്മ ആയി മാറി, 30.3%.