ആലുവയിലെ കേന്ദ്ര ജിഎസ്ടി ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനാലാണ് കടുത്ത നടപടി. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ബിൽ അടയ്ക്കാൻ കഴിയാതെ പോയതെന്നും സാവകാശം നൽകണമെന്ന് മുൻകൂട്ടി അഭ്യർഥിച്ചിട്ടും കെഎസ്ഇബി പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചുവെന്നും ജിഎസ്ടി അധികൃതർ പറയുന്നു. റിട്ടേൺ ഫയലിങ്ങും റീഫണ്ട് നൽകുന്നതും അടക്കം സുപ്രധാന പ്രവർത്തനങ്ങൾ ഇതോടെ അവതാളത്തിലായി.
1000 കോടി രൂപയുടെ വിറ്റുവരവ് ഇടപാടുകൾ നടക്കുന്ന, സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട ജിഎസ്ടി ഓഫിസുകളിലൊന്നായ ആലുവയിലെ ഓഫീസ് ഇരുട്ടിലാണ്. രണ്ട് മാസത്തെ വൈദ്യുതി ബിൽ തുകയായ 70,000 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. ഈ മാസം 5 ആയിരുന്നു അവസാന തീയതി. സാങ്കേതിക കാരണങ്ങളാൽ ഓൺലൈനായി പണം അടയ്ക്കാൻ സാധിച്ചില്ല. ഇക്കാര്യം ഡപ്യൂട്ടി കമ്മിഷ്‌ണർ ഫോണിലും ഇ മെയിൽ മുഖേനയും കെഎസ്ഇബിയെ അറിയിക്കുകയും 2 ദിവസത്തെ സാവകാശവും ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ കെഎസ്ഇബി ഫ്യൂസ് ഊരി. റിട്ടേൺ ഫയലിങ്ങും റീഫണ്ട് നൽകുന്നതും അടക്കം സുപ്രധാന പ്രവർത്തനങ്ങൾ ഇതോടെ അവതാളത്തിലായി.
ഇന്നലെ വൈകിട്ട് പണം അടച്ചെങ്കിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കെഎസ്ഇബി നടപടിയെടുത്തില്ല. ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുക സ്വാഭാവിക നടപടി എന്നാണ് കെഎസ്ഇബിയുടെ മറുപടി. ഡപ്യൂട്ടി കമ്മിഷ്ണർ അടക്കം 28 ജീവനക്കാരാണ് ഓഫിസിലുള്ളത്. ഫ്യൂസ് ഊരിയത് ജീവനക്കാരെ മാത്രമല്ല ഉപഭോക്താക്കളെയും ഏറെ പ്രതിസന്ധിയിലാക്കി.