kseb-load-shedding

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം അനിശ്ചിതമായി തുടരുമെന്ന സൂചനയ്ക്കിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കട്ടുണ്ടായില്ലെന്ന് കെ.എസ്.ഇ.ബി. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടിയതും ഉപയോഗത്തില്‍ അഞ്ഞൂറ് മെഗാവാട്ട് വരെ കുറവുണ്ടായതും ഗുണമായെന്ന് വിശദീകരണം. കഴിഞ്ഞദിവസത്തെ 84.69 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാനായത് 10.71 ദശലക്ഷം യൂണിറ്റ് മാത്രം.

 

രാത്രിയിൽ മിന്നായം പോലെ വൈദ്യുതി വിളക്കുകള്‍ കണ്ണടയ്ക്കും. പിന്നീട് കണ്ണ് തുറക്കാൻ 15 മിനിറ്റിലേറെ വേണ്ടി വരും. പവർകട്ടെന്ന് പറയരുത്. വൈദ്യുതി വകുപ്പിന്റെ ഭാഷയിൽ നേരിയ നിയന്ത്രണം മാത്രം. ഇന്ന് രാത്രി വരെ നിശ്ചയിച്ചിരുന്ന നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീളുമെന്ന സൂചനയ്ക്കിടെയാണ് കെ.എസ്.ഇ.ബിയുടെ അറിയിപ്പ്. ഞായറും, തിങ്കളും രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടായില്ല. മഴ കനത്തതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞു. കേന്ദ്ര പൂളില്‍ നിന്ന് അഞ്ഞൂറ് മെഗാവാട്ട് വരെ വൈദ്യുതി ലഭിച്ചു. ഈ സാഹചര്യത്തില്‍ ക്രമേണ നിയന്ത്രണം ഒഴിവാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. 

 

വൈദ്യുതി ഉപയോഗം 84.69 ദശലക്ഷം യൂണിറ്റ് വരെ ഉയർന്നിട്ടും കേരളത്തില്‍ ഉൽപാദിപ്പിക്കുന്നത് വെറും 10.71 ദശലക്ഷം യൂണിറ്റ് മാത്രം. അധികമായി വേണ്ടിവരുന്ന വൈദ്യുതി കൂടിയ വില നൽകി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെ വൈദ്യുതി എത്തിക്കുന്നത് കൂടും. നിലവിലെ മഴയൊഴിഞ്ഞാലും തുടരും ആശങ്ക. കഴിഞ്ഞവര്‍ഷം ഇതേസമയം കെ.എസ്.ഇ.ബിയുടെ ഡാമുകളില്‍ 60.65 ശതമാനം വെള്ളമുണ്ടായിരുന്നുവെങ്കില്‍ നിലവില്‍ 21.31 ശതമാനം മാത്രം. 

 

മുൻ വർഷത്തെ അപേക്ഷിച്ച് ഉപഭോഗത്തില്‍ ഗണ്യമായ വർധനയെന്ന് പറയുമ്പോൾ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ തല്‍സമയം സംപ്രേഷണവും കാരണമാണ്. അന്തരീക്ഷത്തിൽ താപനില കൂട്ടുന്ന എൽനിനോ പ്രതിഭാസം മാറണം. നല്ല മഴ കിട്ടണം. അങ്ങനെയെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാവൂ എന്ന് കെ. എസ്ഇബിയുടെ മുന്നറിയിപ്പ്. 

ENGLISH SUMMARY:

Night-time electricity restrictions in Kerala are likely to continue as the state struggles with low hydropower generation and critically low dam storage levels of just 21.31%. Although recent rainfall and additional power from the central pool have eased the situation temporarily, KSEB warns that sustained rainfall and improved reservoir levels are essential to avoid prolonged power shortages.