നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. നടി അന്‍സിബ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടി. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ടു കടവന്ത്ര പൊലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. ‘അമ്മ’ മുന്‍ പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ടിനി തനിക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ‘ജിഹാദി’ എന്നു വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് അൻസിബയുടെ ആരോപണം. എന്നാൽ, തന്റെ രണ്ടു പരാതികളിൽ ‘പ്രാഥമിക അന്വേഷണം’ എന്ന പേരിൽ പൊലീസ് നടത്തുന്ന പ്രഹസനം പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകമാണെന്ന ആക്ഷേപവുമായി അൻസിബ രംഗത്തു വന്നിരുന്നു
ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നു ടിനി പൊലീസിനു മൊഴി നൽകിയെന്നാണ് അറിയുന്നത്. അൻസിബയ്ക്കെതിരെ ടിനി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെക്കുറിച്ചോ അൻസിബ ആരെയെങ്കിലും മതം മാറ്റാൻ ശ്രമിച്ചെന്നു ടിനി പറഞ്ഞതായോ തനിക്കറിയില്ലെന്നാണു ശ്വേത മൊഴി നൽകിയതെന്നാണു വിവരം. ടിനി, അൻസിബയോടു മോശമായി പെരുമാറുന്നതിനു താൻ സാക്ഷിയാണെന്നു നീന കുറുപ്പ് പൊലീസിനു മൊഴി നൽകിയതായാണു സൂചന.
ടിനിയുടെയും ശ്വേത മേനോന്റെയും മൊഴിയെടുത്തതിനു പിന്നാലെ സമൂഹ മാധ്യമ കുറിപ്പുമായി അൻസിബ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്താണ് അൻസിബയുടെ കുറിപ്പ്. ‘എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചു ധാർമികതയുടെ ഭാഗത്തു നിന്നതിനാലാണു ഞാൻ ഇത്രയ്ക്ക് അനുഭവിച്ചതെങ്കിൽ വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കും എന്നു നന്നായി മനസ്സിലാക്കുന്നു. ഒരു പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനുള്ള പൊലീസിന്റെ പരിധി, ആ പരാതിയിൽ കേസെടുക്കാൻ തക്കതായ കുറ്റകൃത്യത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുക മാത്രമാണ്.
എന്നാൽ, എഫ്ഐആർ റജിസ്റ്റർ പോലും ചെയ്യാതെ പരാതിക്കാരന്റെയും സാക്ഷികളുടെയും ഒരുപടി കൂടി കടന്നു പ്രതികളുടെ വരെ മൊഴിയെടുക്കുന്നു! ഒരു കേസ് പോലും റജിസ്റ്റർ ചെയ്യാതെ എങ്ങനെയാണു പ്രതികളുടെ മൊഴിയെടുക്കുന്നത്? പ്രതികളും സിസ്റ്റവും ചേർന്നു കാട്ടിക്കൂട്ടുന്ന നാടകങ്ങളിൽ ഞാൻ ഭയപ്പെടുന്നില്ല. കാരണം, വിദൂരതയിലാണെങ്കിലും ആ നീതിദേവതയുടെ മുഖം വളരെ അടുത്തെന്നോണം വ്യക്‌തമായി കാണാം’’ – അൻസിബ പറയുന്നു.