Untitled design - 1

File photo

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം വേദി 'ശുദ്ധീകരിച്ച' സംഭവത്തിൽ പാര്‍ലമെന്‍റില്‍ പ്രതിഷേധം. മൺസൂൺ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഖാർഗെ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.

 

വിഷയം സഭയിൽ ഉയർന്നപ്പോൾ, "ഖാർഗെജിയെ അപമാനിച്ചെങ്കിൽ അത് എല്ലാവരെയും അപമാനിച്ചതിന് തുല്യമാണ്" എന്ന് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. തുടർന്ന് ഖാർഗെയെ സംസാരിക്കാൻ അനുവദിച്ചു. 

 

Also read: ഒടുവില്‍ അമിത് ഷാ ലോക്സഭയിലെത്തി; വന്ദേമാതരം ചൊല്ലി സഭ പിരിഞ്ഞു

"വലിയ ഖേദത്തോടെയാണ് ഞാൻ ഇത് പറയുന്നത്. ഹൽദ്വാനിയിൽ ഞാൻ ജനങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണ് സംസാരിച്ചത്. ഒരു മതത്തെയും പരാമർശിച്ചിരുന്നില്ല. എന്നാൽ പ്രസംഗത്തിന് ശേഷം ബിജെപിക്കാർ വേദി ശുദ്ധീകരിച്ചു. ജനാധിപത്യത്തിൽ ഇങ്ങനെയാണോ പെരുമാറേണ്ടത്? ഭരണഘടനയെ എങ്ങനെയാണ് നിങ്ങൾ സംരക്ഷിക്കുന്നത്?" എന്ന് ഖാർഗെ സഭയിൽ ചോദിച്ചു.

 

ഖാർഗെയുടെ ആരോപണത്തിന് പിന്നാലെ രാജ്യസഭയിലെ സഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി.നദ്ദ സംഭവത്തെ അപലപിച്ചു. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‌"ഖാർഗെ പറഞ്ഞ സംഭവം  അതീവ ദൗർഭാഗ്യകരമാണ്. ഇത് കോൺഗ്രസിന് മാത്രമല്ല, എല്ലാവർക്കും അപമാനകരമാണ്," എന്ന് നദ്ദ പറഞ്ഞു.

 

"ഇത്തരം പ്രവർത്തനങ്ങളെ ബിജെപി ഒരിക്കലും പിന്തുണയ്ക്കുന്നില്ല. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തും. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ വിഷയത്തെ ഗൗരവത്തോടെ കാണും. ഈ സംഭവം ഖാർഗെയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു," എന്നും നദ്ദ വ്യക്തമാക്കി.

 

സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനല്ല താൻ ആഗ്രഹിച്ചതെന്ന് ഖാർഗെ മറുപടിയായി പറഞ്ഞു. "വർഷങ്ങളായി ഞാൻ ഈ സഭയിൽ അംഗമാണ്. ദളിത് സമുദായത്തിൽപ്പെട്ട ആളാണെന്ന പേരിൽ ഒരിക്കലും സഹതാപം തേടിയിട്ടില്ല. എന്നാൽ ഇത് തൊട്ടുകൂടായ്മയുടെ വ്യക്തമായ ഉദാഹരണമാണ്," അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

 

ഓഗസ്റ്റ് 8-ന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന കോൺഗ്രസ് റാലിയിലാണ് ഖാർഗെ പ്രസംഗിച്ചത്. സമ്മേളനം അവസാനിച്ചതിന് പിന്നാലെ ശ്രീരാം സേന പ്രവർത്തകർ വേദിയിലെത്തി 'ശുദ്ധീകരണ' ചടങ്ങ് നടത്തി.

 

ശ്രീരാം സേനയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദ്യാൽ ആരോപിച്ചു. ഖാർഗെ പങ്കെടുത്തതിനുശേഷം വേദി ശുദ്ധീകരിച്ചത് ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Mallikarjun Kharge's rally in Haldwani was followed by a 'purification' ritual on stage, leading to a protest in the Rajya Sabha against the Sriram Sena. Kharge alleged that BJP members purified the stage after his speech, calling it an insult and a form of untouchability.