പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റിയ വിനോദിനിക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ഷെല്‍റ്റര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്ഥലം ഏറ്റെടുത്ത് വീട് വച്ച് നല്‍കുക. മനോരമ ന്യൂസ് വാര്‍ത്തയിലാണ് ഇടപെടല്‍.
ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ വാടക വീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരായ രക്ഷിതാക്കളുടെ കൈയിലെ പണം പലപ്പോഴും വാടകയ്ക്ക് പോലും തികഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നാലാംക്ലാസുകാരി മകളുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. മാസങ്ങളോളം ചികില്‍സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിയേണ്ടി വന്നതോടെ ജോലിക്ക് പോലും പോകാനായില്ല. വിനോദിനിയുടെ ദുരിതം കണ്ട ഷെല്‍റ്റര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്ഥലം ഏറ്റെടുത്ത് വീട് വച്ച് നല്‍കുന്നത്.
കഴിഞ്ഞ ദിവസം വിനോദിനിക്ക് കൃത്രിമ കൈ വയ്ക്കാനായി പ്രതിപക്ഷനേതാവ് ഇടപെട്ടിരുന്നു. അതിന് പിന്നാലെയാണ് സ്വന്തമായി വീടും യാഥാര്‍ഥ്യമാകുന്നത്. കഴിഞ്ഞ സെപ്തംബറില്‍ കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈക്ക് മുറിവേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയുടെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റുകയായിരുന്നു.