പാലക്കാട് ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം, രണ്ടരമാസമായിട്ടും അന്വേഷണം തുടങ്ങിയില്ല. അന്വേഷിച്ചു ഉടൻ നടപടിയെടുക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴായി. റിപ്പോർട്ട് തയ്യാറാക്കിയില്ല, കുട്ടിയെയോ മാതാപിതാക്കളെയോ കാണാതെ ആരോഗ്യവകുപ്പ് സംഘം കുറ്റവാളികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം
പാലക്കാട് പല്ലശനയിൽ ചികിത്സ പിഴവിൽ ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. കൈമുറിച്ചു മാറ്റി രണ്ടരമാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി അന്വേഷിച്ചു വേഗത്തിൽ നടപടിയെടുക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴായി.
നവംബർ 25 നു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് മതിയായ ചികിൽസ കിട്ടാതെ പോയ ഒന്‍പത് വയസുകാരി വിനോദിനിയുടെ കൈ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മുറിച്ചു മാറ്റിയത് ഒക്ടോബർ ഒന്നിനു. ജില്ലാ ആശുപത്രിയിൽ നിന്ന് പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ നൽകിയില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. കുട്ടിയെ ചികിത്സിച്ച ജൂനിയർ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ.സർഫാസ് എന്നിവരെ നവംബർ 6 ന് സസ്പെൻഡ് ചെയ്ത് ഒഴിച്ച് നാളിതുവരെ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
കൈ മുറിച്ചു മാറ്റിയ വാർത്ത പുറത്തുവന്ന് ചർച്ചയായത് നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമായതിനാൽ മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷിക്കുമെന്നും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞെങ്കിലും രണ്ടര മാസമായിട്ടും അനക്കം ഒന്നും ഉണ്ടായില്ല. ആരോഗ്യവകുപ്പ് ഡയറക്ടർ കുട്ടിയെ നേരിട്ട് കാണുകയോ എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ കൈവശം ഒരു റിപ്പോർട്ട് പോലുമില്ല.