കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ വ്യവസായ പാർക്കിന് പാലക്കാട് ജില്ലയിൽ തറക്കല്ലിട്ട വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് വ്യവസായ മന്ത്രി പി പാജീവ്. ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി -പേരുർ വില്ലേജിൽ 6.5 ഏക്കർ ഭൂമിയിലാണ് ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ആരംഭിക്കുന്നത്. 12 കോടിയിലധികം രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ 30 വ്യവസായ യൂണിറ്റുകൾക്ക് വരെ ഇവിടെ പ്രവർത്തിക്കാൻ സാധിക്കും. ഇതുവഴി 150 കോടി രൂപയുടെ നിക്ഷേപവും 1500 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പാർക്കിന് സാധിക്കുമെന്നും മന്ത്രി കുറിച്ചു,
കേരളമാകെ വനിതകൾ സംരംഭകലോകത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു വനിതാ വ്യവസായ പാർക്ക് കൂടുതൽ സ്ത്രീകളെ സംരംഭകരാകാൻ പ്രേരിപ്പിക്കുമെന്നുറപ്പാണ്. സൽമ, അൻസീന, അഷിബ, ഷഹാല, ഫാത്തിമ റാസ എന്നിവരുടെ പാർട്ണർഷിപ്പിൽ തുടങ്ങുന്ന ഈ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിക്ക് എല്ലാവിധ പിന്തുണയും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും.
ഒപ്പം സർക്കാർ സ്വകാര്യ വ്യവസായ പാർക്കുകൾക്കായി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായമുൾപ്പെടെയുള്ള കാര്യങ്ങളും ഇവർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.