പാലക്കാട് മലമ്പുഴ കൊട്ടേക്കാടിൽ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകൻ അനിലിനെതിരെ, എട്ട് വിദ്യാര്‍ഥികള്‍ കൂടി മൊഴി നൽകി. അധ്യാപകൻ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് മൊഴി. നേരത്തെ അഞ്ചുകുട്ടികളും സമാനമായി മൊഴി നൽകിയിരുന്നു. സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ കുട്ടികളെയും അനിൽ ലൈംഗികമായി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നിഗമനം. ഇയാൾക്ക് ലൈംഗികവൈകൃതമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. സ്കൂളിലെ കൂടുതൽ കുട്ടികളെ CWC കൗൺസിലിങ് ചെയ്‌തുവരികയാണ്. അതേസമയം പീഡനവിവരമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാത്തതിൽ സ്കൂളിലെ അധ്യാപകരെയും പ്രതിചേർക്കും. ആറുവർഷം മുമ്പാണ് പ്രതി സ്കൂളിലെത്തിയത്. അന്ന് തൊട്ടുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചു വരികയാണ്.
നവംബര്‍ 29നായിരുന്നു കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചത്. ഡിസംബര്‍ 18ന് കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സഹപാഠിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ അന്നുതന്നെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് ലൈനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സ്കൂള്‍ അധികൃതര്‍ അധ്യാപകനില്‍ നിന്ന് രാജി എഴുതി വാങ്ങുകയായിരുന്നു. അനില്‍കുമാര്‍ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുന്നവെന്നാണ് സ്കൂള്‍ അധികൃതര്‍ മേലധികാരികളെ അറിയിച്ചത്.
വിവരം സ്ഥിരീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയത്. മൊഴിയെടുക്കാന്‍ കുട്ടിയെ സിഡബ്ല്യുസിയില്‍ എത്തിച്ചതുമില്ല. ഒടുവില്‍ ജനുവരി മൂന്നിനാണ് വിദ്യാഭ്യാസ വകുപ്പിന് സ്കൂള്‍ അധികൃതര്‍ രേഖാമൂലം പരാതി നല്‍കാന്‍ തയാറായത്. സംഭവം വിശദമായി അന്വേഷിച്ച എഇഒ, ഡിഡിഇയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
എഇഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്കൃതം അധ്യാപകനായ അനില്‍കുമാറിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണത്തില്‍ സ്കൂളിലെ പ്രധാന അധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കും നോട്ടിസ് നല്‍കിയിരുന്നു. സ്കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ ശുപാര്‍ശ നല്‍കിയിരുന്നു.