ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. സെഷൻസ് കോടതി പുറപ്പെടുവിച്ചിരുന്ന സ്റ്റേ ഉത്തരവ് നീക്കിയാണ് ഹൈക്കോടതി ഉദയ്ഭാനു ചിബിന് ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദേശീയ അധ്യക്ഷന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വന്‍ സ്വീകരണമാണ് നല്‍കിയത്.
ചിബിന്റെ ഹർജിയിൽ ജസ്റ്റിസ് സൗരഭ് ബാനർജി ആണ് വിധി പറഞ്ഞത്. സെഷൻസ് കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയതിനെ ചോദ്യം ചെയ്താണ് ചിബ് കോടതിയെ സമീപിച്ചത്. മജിസ്‌ട്രേട്ട് കോടതി ചിബിന് ജാമ്യം അനുവദിച്ചിരുന്നു, എന്നാൽ മണിക്കൂറുകള്‍ക്കകം സെഷൻസ് കോടതി ഇത് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ മാസം 20നാണ് എഐ ഉച്ചകോടിക്കിടെ ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ഊരി പ്രതിഷേധിച്ചത്. ചിബ് ഉൾപ്പെടെ 8 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് ട്രംപിനെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ടീ-ഷർട്ടുകൾ ധരിച്ചാണ് സമരക്കാർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, ഉത്തര്‍പ്രദേശ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരും അറസ്റ്റിലായിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു.