cars-fuel-efficency

രാജ്യത്തെ യാത്രാ വാഹനങ്ങൾക്ക് കൂടുതൽ കർശന ഇന്ധനക്ഷമത മാനദണ്ഡങ്ങൾ വരുന്നു. കേന്ദ്ര ഊർജ്ജ മന്ത്രാലയവും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും ചേർന്ന്  കഫെ ത്രി ചട്ടങ്ങളുടെ കരട് പുറത്തിറക്കി. 2027 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന വ്യവസ്ഥകളിൽ എഥനോൾ, ജൈവ ഇന്ധന വാഹനങ്ങൾക്ക് പ്രത്യേക ഇളവുണ്ട്. 

 

വാഹന നിർമ്മാതാക്കൾ കൂടുതൽ മൈലേജുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കോർപ്പറേറ്റ് ആവറേജ് ഫ്യൂവൽ എക്കോണമി അഥവാ കഫെ മാനദണ്ഡങ്ങൾ. പുതിയ ചട്ടം ഡ്രൈവറെ കൂടാതെ പരമാവധി എട്ട് സീറ്റുകൾ വരെയുള്ള എം-വൺ വിഭാഗം യാത്രാ വാഹനങ്ങൾക്കാണ് ബാധകമാകുക. അന്തരീക്ഷ മലിനീകരണവും ഇന്ധന ഇറക്കുമതിയും കുറയ്ക്കുകയാണ് ലക്ഷ്യം.

 

2027-28 സാമ്പത്തിക വർഷത്തിൽ വാഹനങ്ങൾക്ക് നൂറ് കിലോമീറ്ററിന് 3.996 ലിറ്റർ ഇന്ധനക്ഷമത നിർമ്മാതാക്കൾ ഉറപ്പാക്കണം. 2031-32-ൽ ഇത് 3.327 ലിറ്ററായി വീണ്ടും കുറയ്ക്കണം. അതേസമയം, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്കും എഥനോൾ ഉൾപ്പെടെയുള്ള ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പുതിയ ചട്ടത്തിൽ ഇളവുകളുണ്ട്. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എട്ട് ശതമാനത്തിന്റെ ഇളവ് നൽകും. ബാറ്ററി ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് സൂപ്പർ ക്രെഡിറ്റുകളും ലഭിക്കും.

 

പരിശോധനാരീതിയിലും മാറ്റമുണ്ട്. വർഷാവർഷമുള്ള പരിശോധനയ്ക്ക് പകരം ആദ്യത്തെ മൂന്ന് വർഷം ഒരു ബ്ലോക്കായും, തുടർന്നുള്ള രണ്ട് വർഷം മറ്റൊരു ബ്ലോക്കായുമാകും ഇനി പരിശോധന. മികച്ച പ്രകടനം നടത്തുന്ന കമ്പനികൾക്ക് അധിക കാർബൺ ക്രെഡിറ്റുകൾ ലഭിക്കും. മാനദണ്ഡം പാലിക്കാത്തവർക്ക് 2500 രൂപ നിരക്കിൽ ക്രെഡിറ്റുകൾ വിലയ്ക്ക് വാങ്ങാം.  അല്ലാത്തപക്ഷം കനത്ത പിഴ നൽകണം. പ്രതിവർഷം ആയിരത്തിൽ താഴെ വാഹനങ്ങൾ വിൽക്കുന്ന നിർമ്മാതാക്കളെ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് ആറു വരെ കരടിൽ അഭിപ്രായങ്ങൾ അറിയിക്കാം.  

ENGLISH SUMMARY:

The Union Ministry of Power and the Bureau of Energy Efficiency (BEE) have released the draft for CAFE III (Corporate Average Fuel Economy) norms, introducing stricter fuel efficiency standards for passenger vehicles in India effective April 1, 2027.