മെക്സിക്കോയിലെ ചിയാപാസ് തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് മെക്സിക്കോയില്‍ സുനാമി മുന്നറിയിപ്പ് നൽകി.
ഭൂചലനത്തെത്തില്‍ വൻനാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. 7.4 തീവ്രതയുള്ള ഭൂചലനങ്ങൾ 'മേജർ' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, മെക്സിക്കൻ നഗരമായ പ്യൂർട്ടോ മഡെറോയ്ക്ക് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിയിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. സമുദ്രനിരപ്പിന് മുകളിൽ 0.3 – 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കടൽത്തീരങ്ങളിലുള്ളവർ മാറണമെന്നും സര്‍ക്കാര്‍ നിർദേശം നല്‍കി.
ENGLISH SUMMARY:
A powerful earthquake with a magnitude of 7.4 on the Richter scale struck the Chiapas coast of Mexico, triggering a tsunami warning for the region. Strong tremors were also felt in neighboring El Salvador and Guatemala, prompting authorities to closely monitor the situation. Although the earthquake is classified as a "major" event, there have been no official reports of significant damage or casualties so far. According to the United States Geological Survey (USGS), the epicenter of the quake was located at a depth of 10 kilometers near the Mexican city of Puerto Madero.