പാലക്കാട് വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ യുവതിയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കഴിഞ്ഞ ദിവസമാണ് കിടപ്പു രോഗിയായ പുളിമ്പറമ്പ് വിശാലത്തെ തെരുവുനായ ആക്രമിച്ചത്.
വീടിനു മുൻവശത്തെ ചായ്പ്പിൽ കിടക്കവേ ഇന്നലെ ഉച്ചയോടെയാണ് 55 കാരി വിശാലത്തിന്റെ കൈ നായ കടിച്ചു കീറിയത്. റോട്ടിൽ നിന്ന് ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിശാലത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിലാണ്.
ചത്ത നിലയിൽ കണ്ട നായയുടെ സാമ്പിൾ പരിശോധിച്ചതിലൂടെ പേവിഷബാധ സ്ഥിരീകരിച്ചു . മേഖലയിൽ നിരീക്ഷണം ശക്തമാക്കി. പരിശോധന തുടരുകയാണ്. പ്രദേശത്തെ പശുക്കിടാവിനൊഴികെ മറ്റൊന്നിനും കടിയെറ്റിട്ടില്ലെന്നാണ് നിഗമനം.
മേഖലയിൽ കഴിഞ്ഞ മാസവും തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. നിരന്തരമുള്ള തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം