പാലക്കാട്ട് മാധ്യമപ്രവർത്തകർക്കു നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം. രമേശ് ചെന്നിത്തലയോട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചോദിച്ചതിലാണ് ഒരുകൂട്ടം പ്രവർത്തകരുടെ രോഷം. പാലക്കാട് കുത്തനൂരിൽ കൺവെൻഷനിലെത്തിയതാണ് രമേശ് ചെന്നിത്തല.
രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റിയുള്ള ചോദ്യത്തിന് ചെന്നിത്തല മറുപടി പറയുന്നതിനിടെ പ്രവർത്തകർ ശബ്ദം ഉണ്ടാക്കി തുടങ്ങി. രാഹുലിനെ പറ്റി ചോദിക്കരുതെന്നായിരുന്നു അവരുടെ പക്ഷം. ചെന്നിത്തല പറഞ്ഞവസാനിപ്പിച്ചതും ഇക്കൂട്ടർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞു, പിടിച്ചു തള്ളി. പ്രാദേശിക നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
പ്രവർത്തകരെ തള്ളി ചെന്നിത്തലയും രംഗത്തെത്തി. മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യപേക്ഷയിൽ വിധി പറഞ്ഞ ശേഷം രാഹുലിന്റെ കാര്യത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും കെപിസിസി നേതൃത്വം യുക്തമായ നടപടി എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.