ഇരവിപുരത്തെ സ്ഥാനാർഥിയെ ചൊല്ലി യുഡിഎഫിൽ ഭിന്നത. ആർഎസ്പി സ്ഥാനാർത്ഥി വിഷ്ണു മോഹന് വിജയസാധ്യത ഇല്ലെന്ന് കോൺഗ്രസ്.ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്ത് നൽകി
അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമായിരുന്നുവെന്നാണ് കോൺഗ്രസ് വാദം. ഇപ്പോൾ ആർഎസ്പി നിശ്ചയിച്ചിരിക്കുന്ന വിഷ്ണു മോഹൻ അതിനെ പര്യാപ്തമല്ല എന്നാണ് നേതാക്കളുടെ അഭിപ്രായം. ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാർ, പഞ്ചായത്ത് പ്രസിഡന്‍റ്, മെമ്പർമാർ, കൗൺസിലർമാർ ഉൾപ്പടെ ഉള്ളവർ ഒപ്പിട്ട കത്താണ് പ്രതിപക്ഷ നേതാവിന് നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ സ്ഥാനാർഥിയെ തങ്ങൾക്ക് വേണ്ടെന്ന് കോൺഗ്രസ് നേതാക്കൾ കത്തിൽ പറയുന്നത്. എൻ. കെ. പ്രേമചന്ദ്രൻ എം. പി. യുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർഥിയായെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നുവെന്ന് കത്തിൽ പറയുന്നത്. സ്ഥാനാർഥിയെ മാറ്റിയില്ലെങ്കിൽ പരസ്യ പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
ഇരവിപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മുൻതൂക്കം. ആകെ 104 വോട്ട് മാത്രമാണ് എൽഡിഎഫ് മണ്ഡലത്തിൽ ലീഡ് നേടിയത്. എന്നാൽ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി ആരാകണമെന്ന് പറയാൻ കോൺഗ്രസിന് കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. പുതിയുഗ പുതുയുഗ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് നേതാക്കൾ സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിനെ കണ്ടത്.