സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍റെ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസ് രണ്ട് തട്ടില്‍. പരസ്യപ്രതികരണം നടത്താതെ പി.എം. നിയാസ് പരാതി നല്‍കുകയായിരുന്നു വേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് പറഞ്ഞു. പിഎം നിയാസിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ രംഗത്തെത്തി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പിഎം നിയാസ്. ശേഷാദ്രിനാഥിന്‍റെ നിയമനത്തിന് അംഗീകാരമായെങ്കിലും നിയമനത്തെചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. നിയാസിനെ എതിര്‍ത്തും അനുകൂലിച്ചും രണ്ട് തട്ടിലാണിപ്പോള്‍ കോണ്‍ഗ്രസ്. മാന്യതയുള്ള ന്യായാധിപരെ സംഘിപാളയത്തിലെത്തിക്കാനാണ് പി.എം. നിയാസിന്‍റെ ശ്രമമെന്ന് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ കുറ്റപ്പെടുത്തല്‍.
ശേഷാദ്രിനാഥന്‍ ആര്‍എസ്എസ് അനുകൂലിയാണെന്ന പിഎം നിയാസിന്‍റെ വാദത്തെ അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തില്‍ സര്‍ക്കാരിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരായി ഉയരുന്ന പടയൊരുക്കത്തെ പ്രതിരോധിക്കാനാണ് മറുവിഭാഗത്തിന്‍റെ തീരുമാനം.