വിശാല അഴിച്ചുപണിക്കൊരുങ്ങി എഐസിസി. ജനറല്‍ സെക്രട്ടറിമാരെയും സംസ്ഥാന ചുമതലയുള്ളവരെയും മാറ്റും. കേരളമടക്കം സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്‍മാരെയും ഉടന്‍ പ്രഖ്യാപിക്കും.
ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം വലിയ അഴിച്ചുപണിക്കൊരുങ്ങുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലകളുള്ളവര്‍ക്കും മാറ്റമുണ്ടാവും. പകുതിയോളം സെക്രട്ടറിമാരെ മാറ്റുമെന്നാണ് സൂചന. രമേശ് ചെന്നിത്തല മഹാരാഷ്ട്രയുടെ ചുമതലയൊഴിഞ്ഞേക്കും.
കേരളം , പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ , ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാര്‍ വരും. കെപിസിസി അധ്യക്ഷപദവിക്കായി രംഗത്തുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നിരന്തരം ബന്ധപ്പെട്ട് വരുകയാണ്. ജോസഫ് വാഴയ്ക്കന്‍ ഇന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തും. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹന്നാന്‍ തുടങ്ങി എം.പിമാരും അധ്യക്ഷപദവിക്കായി രംഗത്തുണ്ട്.
തിരഞ്ഞെടുപ്പടുത്ത പഞ്ചാബില്‍ ആര് അധ്യക്ഷനാവും എന്നത് നിര്‍ണായകമാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് വീണ്ടും അധ്യക്ഷനാവാന്‍ സാധ്യതയേറി. ജനറല്‍ സെക്രട്ടറി, സെക്രട്ടറിതല അഴിച്ചുപണിയാവും ആദ്യം. ഒരുമാസത്തിനുള്ളില്‍ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ദേശീയനേതൃത്വത്തിന്‍റെ തീരുമാനം.