കഴിഞ്ഞ വർഷം കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ട കാളികാവ് മേഖലയിൽ വീണ്ടും കടുവ സാന്നിധ്യം. പുല്ലങ്കോട് എസ്റ്റേറ്റിനുള്ളിൽ കാട്ടുപന്നിയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്ത് കടുവയുടെ കാൽപ്പാടുകളുണ്ട്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്.
പുല്ലങ്കോട് 52 ഭാഗത്താണ് കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ ടാപ്പിങ് തൊഴിലാളികളാണ് ജഡം കണ്ടത്. ജഡത്തിന് സമീപത്തായി കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കടുവയെന്ന് സ്ഥിരീകരിച്ചു. ഉച്ചയോടെയാണ് ക്യാമറകൾ സ്ഥാപിച്ചത് . എന്നാൽ കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്തിട്ടില്ല . വീണ്ടും ജഡം ഭക്ഷിക്കാനായി കടുവ എത്തുമെന്നാണ് കണക്കുകൂട്ടൽ. നിലവിലെ സാഹചര്യത്തിൽ
പുലർച്ചെ ജോലിക്ക് എത്തുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകണമെന്ന് എസ്റ്റേറ്റ് തൊഴിലാളിയും കാളികാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടു. ആറുമാസം മുൻപും ഇതേ പ്രദേശത്ത് നിന്ന് കടുവ പശുവിനെ ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10 ന് ശേഷമാവും പന്നിയെ കടുവ ആക്രമിച്ചിട്ടുണ്ടാവുക എന്നാണ് നിഗമനം.