മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെ സ്റ്റാറ്റസ് വച്ച അധ്യാപകന് മിനിട്ടുകൾക്കകം മദ്യപാനിയുടെ കാറിടിച്ച് ദാരുണാന്ത്യം. മലപ്പുറം ഒതുക്കുങ്ങലിൽ വാഹനാപകടത്തിൽ മരിച്ച ഷറഫുദ്ദീനാണ് (36) മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെ സ്റ്റാറ്റസിട്ട് ഒരു മണിക്കൂറിനകം സമാന ദുരന്തത്തിൽ മരണപ്പെട്ടത്.
ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. പറപ്പൂർ സ്വദേശി അക്ബറലിയാണ് മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർ അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടു. പ്രതി അക്ബറലി വേങ്ങര പൊലീസിന്റെ കസ്റ്റഡിയിലാണ്.
അധ്യാപകനായ ഷറഫുദ്ദീന്റെ അവസാന സ്റ്റാറ്റസ് മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെയായിരുന്നു. കേരളത്തിൽ ഒരു ദിവസം 15 പേരാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. ഇതിൽ പകുതിയിലേറെയും വെറും അപകടങ്ങൾ അല്ല കൊലപാതകങ്ങളാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ അപകടം ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് ആളെ കൊല്ലുന്നത് എന്നുമാണ് ഷറഫുദ്ദീന്റെ പോസ്റ്റിലുള്ളത്.