cheranallur-protest

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ നീതികിട്ടുംവരെ സമരമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മക്കള്‍. ആഡംബര കാര്‍ ഉടമയായ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. വാഹനം ഓടിച്ചയാളുടെ ഫോട്ടോ പൊലീസ് ഡിലീറ്റ് ചെയ്യിച്ചു. തെളിവ് നശിപ്പിക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്നും കുടുംബം ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടശേഷം പൊലീസ് സ്റ്റേഷനുമുന്നില്‍ കുടുംബം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.   

അതേസമയം, ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ പതിനേഴുകാരന്‍റെ പിതാവും കാറുടമയുമായ ജഡ്‌ജിക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിന് ഉണ്ടായത് ഗുരുതരവീഴ്ച. തെളിവുകൾ ശേഖരിക്കുന്നതിലടക്കം മനപൂർവമായ കാലതാമസം ഉണ്ടാക്കിയെന്നാണ് ആരോപണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ജയബാലകൃഷ്‌ണന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

ജയബാലകൃഷ്ണന്‍റെ ജീവനെടുത്ത ആഡംബര കാർ ഓടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് മുതൽ പൊലീസിന് ഉണ്ടായത് വീഴ്ചയാണ്. പ്രായപൂർത്തിയാകത്തവർ കേസിൽ പ്രതി ആയാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ മുൻപിൽ ഹാജാരക്കണമെന്ന പതിവ് രീതികൾ മറികടന്ന് നിയമത്തിന്‍റെ പഴുത് കണ്ടെത്തി ജാമ്യം നൽകുകയായിരുന്നു.

പ്രതിഷേധം കനത്തതോടെയാണ് കാറിന്‍റെ അമിത വേഗം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് നരഹത്യ വകുപ്പ് ചേർത്തത് രാത്രിയിൽ പതിനേഴുകാരനെ വീണ്ടും പിടികൂടി ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. കാറിന്‍റെ ഉടമയായ അഡീഷണൽ ജഡ്ജ് റെനൊ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുക്കുന്നതും പൊലീസ് മനപൂർവം വൈകിപ്പിച്ചെന്നാണ് ആരോപണം. ജഡ്ജിയായ ആയതിനാൽ കേസെടുക്കുന്നതില്‍ ഹൈക്കോടതിയുടെ അനുമതി തേടണമെന്ന ന്യായം നിരത്തുകയാണ് പൊലീസ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് ജയബാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

 

ENGLISH SUMMARY:

Cheranalloor accident case victims family demands justice and the suspension of the judge involved. The grieving children are protesting outside the police station due to alleged police collusion and deliberate delays in the investigation.