രണ്ട് കോടിയിലധികം രൂപ ചിലവിൽ നവീകരണം പൂർത്തീകരിച്ച ജുമാ മസ്ജിദ് കാണുവാനായി ആദ്യം തുറന്നു കൊടുത്തത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കമുള്ള ഇതരമതസ്ഥർക്ക്. പാണ്ടിക്കാട് തമ്പാനങ്ങാടി ജുമാ മസ്ജിദ് ഭാരവാഹികളാണ് ശിവരാത്രി ദിനത്തിൽ മത സാഹോദര്യത്തിന്റെ സന്ദേശവുമായി മനോഹര കാഴ്ചയൊരുക്കിയത്.
പാണ്ടിക്കാട് തമ്പാനങ്ങാടിയിലെ നാൽപത് വർഷത്തിലേറെ പഴക്കമുള്ള ജുമാ മസ്ജിദാണ് നാട്ടുകാരുടെ സഹകരണത്തോടെ 2 കോടി രൂപ ചിലവിൽ പുതുക്കിപ്പണിതത്. ഒരേ സമയം 600ലേറെ പേർക്ക് പ്രാർഥനക്ക് പങ്കെടുക്കുവാൻ കഴിയുംവിധം പൂർണമായും ശീതീകരിച്ച മസ്ജിദിന്റെ നവീകരണമാണ് പൂർത്തീകരിച്ചത്. തിങ്കളാഴച്ച ഉച്ചക്ക് ഒന്നിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മസ്ജിദിന്റെ ഉദ്ഘാടന കർമം നിർവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായാണ് തമ്പാനങ്ങാടി ശ്രീ കരിങ്കാളികാവ് ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെയുളള നാട്ടിലെ ഇതര മതസ്ഥർക്കായി ജുമാ മസ്ജിദ് കാണുവാനായി ഭാരവാഹികൾ തുറന്നു കൊടുത്തത്.
മസ്ജിദ് കാണാനായി എത്തിയ ക്ഷേത്രഭാരവാഹികൾ സമ്മാനമായി കരുതിയ ക്ലോക്കും സ്നേഹോപഹാരമായി മസ്ജിദ് ഭാരവാഹികൾക്ക് കൈമാറി. പരിപാടിയിൽ പങ്കെടുത്ത മുഴവൻ പേർക്കും പള്ളി കമ്മറ്റിയുടെ വക മധുരവും വിതരണം ചെയ്തു.