kozhikodmchtheft

കോഴിക്കോട് മെഡിക്കല്‍ കോളജില്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാനത്തിലെ ചെമ്പ് വയറുകള്‍ കള്ളന്‍ കൊണ്ടുപോയതോടെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം താളംതെറ്റി. മൃതദേഹം സൂക്ഷിക്കുന്ന രണ്ട് മുറികളില്‍ ഒരെണ്ണം പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തി. ശേഷിക്കുന്നതില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.

ചൊവാഴ്ചയാണ് കോള്‍ഡ് സ്റ്റോറേജ് സംവിധാനത്തിലെ ചെമ്പ് വയറുകള്‍ മോഷണം പോയ കാര്യം  ജീവനക്കാര്‍ അറിയുന്നത്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍  തണുപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു റൂമിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഭാഗികമായി പ്രവര്‍ത്തിക്കുന്ന മുറിയില്‍ പരമാവധി 15 മൃതദേഹങ്ങളാണ് സൂക്ഷിക്കാനാകുന്നത്. 

mortuary

പോസ്റ്റുമോര്‍ട്ടത്തിനായി മാത്രം ദിവസവും 12 മൃതദേഹങ്ങളെങ്കിലും എത്തുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കാതെ വരുന്നതും അ‍ജ്ഞാത മൃതദേഹങ്ങളും കൂടിയാകുമ്പോള്‍ അവശേഷിക്കുന്ന മുറിയില്‍ ചിലദിവസങ്ങളില്‍  സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതില്‍ തന്നെ തണുപ്പ് കുറവായതിനാല്‍ മൃതദേഹങ്ങള്‍ കേടുവരുമോയെന്ന ആശങ്കയുമുണ്ട്. പരിപാലന ചുമതലയുള്ള കരാര്‍ കമ്പനി പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ അറിയിച്ചിരിക്കുന്നത്.

സമീപകാലത്താണ് മെഡിക്കല്‍ കോളജിലെ  രക്ത ബാങ്കിന്‍റെ കോപ്പര്‍ വയറുകളും കള്ളന്‍ കൊണ്ടുപോയത്. ഒരു മാസത്തോളം രക്തബാങ്കിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. തുടര്‍ച്ചയായി മോഷണം നടന്നിട്ടും സുരക്ഷ സംവിധാനം ശക്തിപ്പെടുത്താന്‍ ആരും തയാറാകുന്നില്ലെന്നാണ് പരാതി. 

മോര്‍ച്ചറിയുടെ ഭാഗത്ത് സിസി ടിവി ക്യാമറയുണ്ടെങ്കിലും അതില്‍ മോഷണത്തിന്‍റെ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ല. കൂടുതല്‍ സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ചും പൊലീസ് പരിശോധന ശക്തമാക്കിയും  മോഷ്ടാക്കാളെ നിയന്ത്രിക്കണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

Calicut Medical College mortuary operations have been severely disrupted due to the theft of copper wires from its cold storage system. This incident has led to a critical shortage of space and concerns about the preservation of bodies, impacting essential services like post-mortems.