സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. അപകടം വരുത്തുന്ന സ്വകാര്യബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനാണ് തീരുമാനം. അപകടമുണ്ടായാല്‍ ബസുടമയ്ക്ക് എതിരെയും നടപടിയെടുക്കും.
സ്വകാര്യബസുകളുടെ മത്സരയോട്ടത്തില്‍ റോഡുകള്‍ കുരുതികളമായതോടെയാണ് ജില്ലാഭരണകൂടം കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്. ജില്ലയില്‍ നിരന്തരം അപകടങ്ങള്‍ വരുത്തുന്ന ബസുകളുടെ പെര്‍മിറ്റ് ഇനി മുതല്‍ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് കലക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ തീരുമാനം. കോഴിക്കോട്, വടകര റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളുടെ യോഗത്തിലാണ് ആര്‍ടിഎ ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
അപകടമുണ്ടാകുമ്പോള്‍ ജീവനക്കാരുടെ പേരില്‍ മാത്രമായിരുന്നു നടപടി. എന്നാല്‍ ഇനി ഉടമകള്‍ക്കെതിരെയും നടപടിയെടുക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. പുതിയ പെര്‍മിറ്റിനായി 38 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. പെര്‍മിറ്റ് പുതുക്കാനായി 48 അപേക്ഷകളും ലഭിച്ചു. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.