fire

TOPICS COVERED

തീയണയ്ക്കാന്‍ ആധുനിക ഉപകരണങ്ങളില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഗ്നിരക്ഷാസേന. കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അഗ്നിരക്ഷാസേനയുടെ തുറന്നുപറച്ചില്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും തീപിടുത്തത്തിന്‍റെ കാരണം അവ്യക്തമായി തുടരുകയാണ്.  

തീപിടുത്തമുണ്ടായി പത്താം മിനിറ്റില്‍ സ്ഥലത്തേയ്ക്ക് അഗ്നിരക്ഷാസേന കുതിച്ചെത്തി. ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാനായത്. തീ അണയ്ക്കുന്നതിന് വേഗം കൂടിയതാകട്ടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്നിരക്ഷാവാഹനം എത്തിയ ശേഷമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തീ അണയ്ക്കാന്‍ ‌ആധുനിക ഉപകരണങ്ങള്‍ വേണമെന്ന് അഗ്നിരക്ഷാസേന ആവശ്യപ്പെട്ടത്. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇനിയും തീപിടുത്തത്തിനുള്ള സാധ്യത അധികമാണ്. അതിനാല്‍ ഇനിയൊരു പരീക്ഷണത്തിന് മുതിരാതെ അത്യാധുനീക ഉപകരണങ്ങളും വാഹനങ്ങളും ജില്ലയില്‍ എത്തിച്ചില്ലെങ്കില്‍ ചെറിയ തീപിടുത്തം പോലും വലിയ ദുരന്തങ്ങളാകുന്നത് നോക്കി നില്‍ക്കേണ്ടി വരുമെന്നും അഗ്നിരക്ഷാസേന ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലക്ഷ്മി സില്‍ക്സില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും തീപിടുത്തത്തിന് കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്പ്കടറ്റേറ്റ് അടക്കമുള്ളവര്‍ നടത്തിയ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് ജയലക്ഷ്മി സില്‍ക്സില്‍ തീപിടുത്തം ഉണ്ടായത്. 

ENGLISH SUMMARY:

Modern firefighting tools are urgently needed by the fire service in Kerala, as highlighted in a report following the Jayalakshmi Silks fire incident in Kozhikode. The report emphasizes the lack of adequate equipment and the necessity for immediate upgrades to prevent future disasters.