കോഴിക്കോട് കൊയിലാണ്ടിക്കാരായ കമലയും ശ്യാമളയും കുറച്ചുദിവസമായി അല‍്പം ഗമയിലാണ്. ചേമഞ്ചേരി ഖാദി നെയ്ത്തുകേന്ദ്രം തൊഴിലാളികളായ ഇവരുടെയും ഗമയ്ക്ക് കാരണമെന്തെന്ന് അറിയണ്ടേ. ഈ വരുന്ന റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കമലയും ശ്യാമളയും.
മൂന്നരപതിറ്റാണ്ടായി വസ്ത്രം നെയ്യുന്നുണ്ടെങ്കിലും ഇങ്ങനൊരു അനുഭവം ആദ്യമാണ്. യന്ത്രസഹായമില്ലാതെ കൈകൊണ്ട് നിര്‍മ്മിക്കുന്ന ഖദര്‍ വസ്ത്രങ്ങളായ കുപ്പടം മുണ്ടും സാരിയും നെയ്യുന്നതില്‍ വിദഗ്ധരാണ് ഇരുവരും. അതുകൊണ്ട് തന്നെയാണ് റിപ്പബ്ലിക് ദിനത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതും. കുപ്പടം സാരി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക കേന്ദ്രവും ഇതാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ഈ മാസം 22ന് ഇരുവരും ഡല്‍ഹിയിലേയ്ക്ക് തിരിക്കും.