Untitled design - 1

പ്രളയം പൂർണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരിൽ മുങ്ങിയ ചേന്ദമംഗലത്തിൻ്റെ ഉയിർപ്പ് പൂർണമാക്കുകയാണ് ഈ സർക്കാരെന്ന് മന്ത്രി പി രാജീവ്. പ്രളയത്തിന്‍റെ വിറങ്ങലിച്ചുനിന്ന ആദ്യഘട്ടത്തിന് ശേഷം നമുക്ക് മുന്നിൽ അതിജീവനത്തിന്റെ ചേക്കുട്ടിപ്പാവകളിലൂടെയാണ് ആ ഗ്രാമം ഒരിക്കൽക്കൂടി പ്രത്യക്ഷപ്പെടുന്നത്. കൈത്തറിയുടെ സ്വന്തം നാട്ടിൽ, ചേന്ദമംഗലത്ത് ഉയരുന്ന കൈത്തറി ഗ്രാമത്തിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം നിർവ്വഹിക്കും. പ്രളയം തകർത്ത ഗ്രാമമാകെ പുതുവെളിച്ചം നിറക്കുന്ന പദ്ധതിയാണ് കൈത്തറി ഗ്രാമം. ചേറിൽ പുതഞ്ഞു പോയ കൈത്തറിയുടെ സ്വന്തം നാടിന്റെ ഉയിർപ്പ്. നൂറുകണക്കിന് നെയ്ത്ത് തൊഴിലാളി കുടുംബങ്ങൾ തകർന്നുപോകുമായിരുന്ന ഇടത്തുനിന്ന് അവരെ കൈപിടിച്ചുയർത്തി, നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സക്രിയ ഇടപെടൽ കൂടിയാണിത്.

കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഹാൻഡ്ലൂം ടെക്നോളജി, കെൽ തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും വളരെ സജീവമായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമായ പദ്ധതി ടൂറിസം മേഖലയിലും ചേന്ദമംഗലത്തിന് സഹായകമായി മാറും. ഹെറിറ്റേജ് ടൂറിസം പ്രദേശമായി ചേന്ദമംഗലം മാറുന്നതോടെ സന്ദർശകർക്ക് നെയ്ത്ത് പ്രക്രിയ നേരിട്ടുകാണാനും പങ്കാളികളാകാനും സാധിക്കും. ഏറ്റവും മികച്ച കൈത്തറികളിലൊന്നായ ചേന്ദമംഗലത്തിലൂടെ കേരളത്തിൻ്റെ സാംസ്കാരികത്തനിമ പ്രചരിപ്പിക്കാനും ആ നാടിൻ്റെ സാമ്പത്തിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനും നമുക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Chendamangalam's revival is being completed by the government, breathing new life into a village devastated by floods. Through the 'Handloom Village' project, which began with the creation of 'chekuttippavas' symbolizing survival, the community is rebuilding its identity and economic stability, showcasing Kerala's rich handloom heritage and boosting tourism.