ബീറ്റിങ് റിട്രീറ്റോടെ രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ക്ക് സമാപനം. ഡല്‍ഹി വിജയ് ചൗക്കില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സേനാ മേധാവിമാരും പങ്കെടുത്തു.
കുതിരകള്‍ വലിക്കുന്ന ബഗിയില്‍ രാഷ്ട്രപതി വിജയ്ചൗക്കിലേക്ക് എത്തിയതോടെയാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാഷ്ട്രപതി റെയ്സീന കുന്നിറങ്ങി വരുമ്പോള്‍ കര – നാവിക – വ്യോമ സേനകളുെട ബാന്‍ഡുകളും ഡല്‍ഹി പൊലീസിന്‍റെയും കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളുടെ ബാന്‍ഡുകളും തയാറായി.
തുടര്‍ന്ന് സര്‍വസൈന്യാധിപയായ രാഷ്ട്രപതിക്ക് മുന്നില്‍ ദേശഭക്തി ഗാനങ്ങളുടെ ബാന്‍ഡ് പ്രകടനം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പുറമെ, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, കേന്ദ്രമന്ത്രിമാരും സേനാ മേധാവിമാരും ബീറ്റിങ് റിട്രീറ്റ് ചടങ്ങ് വീക്ഷിക്കാനെത്തി. ദേശീയ പതാക താഴ്ത്തിയതോടെ ചടങ്ങുകള്‍ സമാപിച്ചു. സൂര്യസ്തമയത്തോടെ സൈനികര്‍ ബാരക്കുകളിലേക്ക് മടങ്ങുന്നതിന്‍റെ ഓര്‍മപ്പെടുത്തലായാണ് ബീറ്റിങ് റിട്രീറ്റ് നടത്തുന്നത്.