തദ്ദേശതിരഞ്ഞെടുപ്പില്‍ കോഴിക്കോട് പേരാമ്പ്ര എരുവട്ടൂരിലെ കിഴക്കയില്‍ വീടിന് ചരിത്രനേട്ടം. ഒരേ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മല്‍സരിച്ചു ജയിച്ചാണ് ഒരു വീട്ടിലെ സഹോദരിമാര്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
കിഴക്കയില്‍ വീട്ടില്‍ ഇനി ആഘോഷത്തിന്‍റെ രാപ്പകലുകള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നുംജയമാണ് ഈ വീടിനെ തേടിയെത്തിരിക്കുന്നത്. കിഴക്കയില്‍ വീട്ടില്‍ ഓമനാമ്മയുടെ പെണ്‍മക്കളായ വനജ, സരിത, സജിത, എന്നിവരാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മല്‍സരിച്ച് വിജയിച്ചത്. മൂത്ത സഹോദരി വനജ പേരാമ്പ്ര പഞ്ചായത്തിലേയ്ക്കും സജിത മണിയൂര്‍ പഞ്ചായത്തിലേയ്ക്കും സരിതാ മുരളി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കുമാണ് മല്‍സരിച്ച് നേട്ടം കൊയ്തത്.
സരിത നേരത്തെയും തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റു രണ്ടുപേരുടെയും സ്ഥിതി അതല്ല, കന്നിയങ്കമായിരുന്നു. മൂന്ന് പേരും ഒരേസമയം ജനപ്രതിനിധിയാകുന്നത് ഇതാദ്യം. ഈ അപൂര്‍വതയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലേയ്ക്ക് നടന്നുകയറുകയാണ് മൂവരും.