കോഴിക്കോട് കുണ്ടുപറമ്പില്‍ വന്‍ ഓണ്‍ലൈന്‍ പടക്ക ശേഖരം പിടികൂടി. ശിവകാശിയിലെ കണ്ണന്‍ ക്രാക്കേഴ്സ് എന്ന കമ്പനിയില്‍ നിന്നാണ് പടക്കങ്ങള്‍ എത്തിച്ചത്. സുപ്രീംകോടതി വിധി ലംഘിച്ച് ഓണ്‍ലൈന്‍ പടക്കം വില്‍ക്കുന്നുവെന്ന മനോരമ ന്യൂസ് അന്വേഷണ പരമ്പരയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് പടക്കങ്ങള്‍ പിടികൂടിയത്.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ മിനി ലോറിയില്‍ ഇരുപതിലധികം വലിയ ബണ്ടിലുകളിലായി നിറയെ പടക്കങ്ങള്‍. ദേശീയ പാതയോരത്ത് കുണ്ടു പറമ്പില്‍ വാഹനത്തില്‍ നിന്നും വലിയ ബോക്സ് പടക്കം ഇറക്കി വച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. എലത്തൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത പടക്കങ്ങള്‍ ആണെന്ന് കണ്ടെത്തി. ശിവകാശിയിലെ കണ്ണന്‍ ക്രാക്കേഴ്സ് എന്ന പടക്ക നിര്‍മ്മാണ കമ്പനിയിലെ ബില്ലും ബോക്സിനുള്ളിലുണ്ടായിരുന്നു. കോഴിക്കോട്, കൊയിലാണ്ടി, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള ഓര്‍ഡറുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഓണ്‍ലൈനില്‍ തകൃതിയാകുന്ന പടക്ക വില്‍പ്പന ലൈസന്‍സുള്ള ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
സുപ്രീംകോടതി വിധി ലംഘിച്ച് ഓണ്‍ലൈന്‍ പടക്കം വില്‍ക്കുന്നുവെന്ന മനോരമ ന്യൂസ് അന്വേഷണ പരമ്പരക്ക് പിന്നാലെയാണ് പൊലീസും പരിശോധന ആരംഭിച്ചത്. ദേശീയപാതയില്‍ അപകടകരമായാണ് ഓണ്‍ലൈന്‍ പടക്ക വ്യാപാര വാഹനങ്ങള്‍ കടന്നു പോകുന്നത്.