1. എഐ ചിത്രം
''ഇപ്പോള്‍ നിങ്ങളൊരു സ്ത്രീയല്ല, മറിച്ച് ലേഡി ഡോണ്‍ ആണ്.'' സിനിമ ഡയലോഗുകളെ വെല്ലുന്ന പരാമര്‍ശങ്ങളാണ് സുപ്രീം കോടതിയില്‍ മുഴങ്ങിയത്. കേട്ടവരെല്ലാം അമ്പരുന്നു. സുപ്രീം കോടതി ജഡ്‍ജിമാര്‍ ഇത്ര നാടകീയമായി പ്രതികരിക്കാന്‍ കാരണമെന്താണ് ? അതും ഒരു 60 വയസുകാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ.
ലഹരിക്കേസില്‍ പ്രതിയായ അകിലൂൺ ബീഗമെന്ന 60 വയസുകാരിയുടെ ജാമ്യ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും അതുൽ.എസ്.ചന്ദൂർക്കറുമടങ്ങുന്ന ബെഞ്ച് രൂക്ഷമായി പ്രതികരിച്ചത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള ഒട്ടേറെ കേസുകളില്‍ അറുപതുകാരി പ്രതിയായിരുന്നു. തന്‍റെ നാലാമത്തെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയത് ചോദ്യംചെയ്താണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി ഉൾപ്പെട്ടതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു.
കേസില്‍ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും പ്രായം പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അറുപതുകാരിയുടെ അഭിഭാഷകന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു കോടതിയുടെ രൂക്ഷമായ പ്രതികരണം. “നിങ്ങൾ ആദ്യമായി കുറ്റവാളിയായതല്ല. നിങ്ങൾക്ക് ഒരു ചരിത്രമുണ്ട്, ഒരു സ്ത്രീ എന്ന നിലയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു, എന്തിനാണ് നിങ്ങൾ ഇതെല്ലാം ചെയ്യുന്നത്? ഈ പ്രായത്തിൽ നിങ്ങൾ വളരെ മാന്യമായ ജീവിതം നയിക്കണം," ജസ്റ്റിസ് മിശ്ര പറഞ്ഞു.
പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ട്. വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നു. പതിവായി മരുന്ന് കഴിക്കേണ്ടതുണ്ട്. തന്നിൽ നിന്ന് കണ്ടെടുത്തതായി ആരോപിക്കപ്പെടുന്ന ലഹരിമരുന്ന് വാണിജ്യ അളവിന്റെ പരിധിക്ക് താഴെയാണ്. കുറ്റപത്രം ഇതിനകം ഫയൽ ചെയ്തിട്ടുണ്ട്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആവശ്യമില്ല. വിചാരണ പൂർത്തിയാക്കാൻ ഗണ്യമായ സമയമെടുക്കും തുടങ്ങിയ വാദങ്ങള്‍ സ്ത്രീക്കായി അഭിഭാഷകൻ ഉന്നയിച്ചെങ്കിലും കോടതി അയഞ്ഞില്ല. ഒടുവില്‍ അപ്പീല്‍ തള്ളുകയായിരുന്നു.
മധ്യപ്രദേശ് ഷാഹ്‌ഡോൾ ജില്ലയിലെ ധൻപുരി പോലീസ് സ്റ്റേഷനിലാണ് സ്ത്രീക്കെതിരായ കേസ്. ഇവര്‍ ലഹരിമരുന്ന് വിൽപ്പനയിൽ പങ്കാളിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 2025 മെയ് 28 മുതൽ സ്ത്രീ കസ്റ്റഡിയിലാണ്. അറുപതുകാരിയുടെ സ്ഥിരം ജാമ്യത്തിനായുള്ള നാലാമത്തെ ശ്രമമാണ് വിഫലമായത്.