അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി വേനലവധിക്ക് ശേഷം മാത്രം പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിന്, 'എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നത്? ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ?' എന്നായിരുന്നു ബെഞ്ചിന്‍റെ ചോദ്യം. ഇതോടെ ഹർജി വേനലവധിക്ക് ശേഷമേ വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യൂ എന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
അഭിഭാഷകരായ അജയ് കുമാർ റായി, ദിനേശ് കുമാർ യാദവ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ സാമ്പത്തിക ഇടപാടുകളിലും ഭരണപരമായ പ്രവർത്തനങ്ങളിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, ഇത് സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൂടാതെ, സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കാനും പൊതുതാൽപ്പര്യം ഉറപ്പാക്കാനും കൃത്യമായ ഓഡിറ്റിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ക്ഷേത്ര ട്രസ്റ്റിനും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രാമക്ഷേത്ര സംഭാവനയിലെ ദുരുപയോഗ ആരോപണങ്ങളെത്തുടർന്ന്, ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയോ ക്രിമിനൽ കേസ് ഫയൽ ചെയ്യാതെയോ ആണ് യുപി സർക്കാർ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, അയോധ്യ പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരാകില്ല. പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടെന്ന് ബാര്‍ അസോസിയേഷന്‍ തീരുമാനം. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.