സൗദി അറേബ്യയിലെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശികളായ തലശ്ശേരി മനോളി ഹൗസില്‍ സജീം (45), ചെറുകുന്ന് കണ്ടിവളപ്പില്‍ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതിന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ജോലിയുടെ ആവശ്യത്തിന് റാസ് തനൂറയില്‍ പോയി ദമാമിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ഒരു സ്വദേശി യുവാവ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സജീമും ശ്രീലേഷും സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് സമീപത്തെ കിടങ്ങിലേക്ക് പതിച്ചു. പൂര്‍ണമായും തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും രക്ഷാപ്രവര്‍ത്തകര്‍ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. സജീം അപകടസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീലേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദമാമിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്ന സജീമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. രാത്രി വൈകിയും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഖത്വീഫ് പൊലീസിൽ നിന്നാണ് അപകടവിവരം സുഹൃത്തുക്കൾ അറിയുന്നത്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സജീമിന്റെ മൃതദേഹം ദമാമില്‍ ഖബറടക്കും. ശ്രീലേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ആരംഭിച്ചു.