kozhikode-corporation

TOPICS COVERED

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കടമുറികള്‍ വാടകയ്ക്കെടുത്ത വ്യാപാരികള്‍ ജീവന്‍ കയ്യില്‍പിടിച്ചാണ് ജോലി ചെയ്യുന്നത്. പല കോണ്‍ക്രീറ്റ് സ്ലാബുകളും ഇടിഞ്ഞുവീഴാറായ സ്ഥിതിയിലാണ്. വലിയങ്ങാടി പോലൊരു അപകടമുണ്ടാകാനാണോ കാത്തിരിക്കുന്നത് എന്നാണ് ഇവിടുത്തുകാര്‌ക്ക് കോര്‍പ്പറേഷനോട് ചോദിക്കാനുള്ളത്.  

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്‍റെ പുറകുവശത്ത് പ്രധാനപാതയോട് ചേര്‍ന്ന് വാടകയ്ക്ക് നല്‍കിയ കടമുറികളില്‍ ഒന്നാണിത്. ഈ കടയുടെ മുന്‍വശത്തേയ്ക്കൊന്ന് നോക്കൂ. കോണ്‍ക്രീറ്റ് സ്ലാബ് ഇളകിടക്കുകയാണ്. ദ്രവിച്ച കമ്പികളെല്ലാം പുറത്ത്  കാണാം. നല്ലൊരു മഴയോ കാ‍റ്റോ ഉണ്ടായാല്‍ താഴേയ്ക്ക് പതിക്കും. വലിയങ്ങാടിയിലേത് പോലെ തൊഴിലാളികള്‍ പലപ്പോഴും വന്നു നില്‍ക്കുന്ന ഒരിടമാണിത്. സാധനങ്ങള്‍ ഇറക്കുന്നവരോ കയറ്റുന്നവരോ മിക്കപ്പോഴും ഉണ്ടാകും. വാങ്ങാന്‍ വരുന്നവര്‍ വേറെ. എന്നാലിതൊന്നും കോര്‍പ്പറേഷന്‍റെ കണ്ണില്‍ പെട്ടിട്ടില്ല. 

ഇന്‍ഡോര്‍‌ സ്റ്റേഡിയത്തിന്‍റെ പുറകുവശത്തും ഇങ്ങനെ തന്നെ. പലയിടത്തും കോണ്‍ക്രീറ്റ് ദ്രവിച്ച് താഴെ വീണത് കാണാം. വാടക കൃത്യമായി വാങ്ങാന്‍ അറിയുന്ന കോര്‍പ്പറേഷന് കൃത്യമായ ഇടവേളകളില്‍ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തണമെന്ന് അറിയില്ലേ എന്നാണ് ഉയരുന്ന ചോദ്യം.  അതെ, ഇനിയും വലിയങ്ങാടി ആവര്‍ത്തിക്കരുത്. കര്‍ശനനടപടിയെടുക്കാന്‍ വൈകരുത്.

ENGLISH SUMMARY:

Kozhikode Corporation Stadium and Indoor Stadium shopkeepers are operating under constant fear due to the dilapidated condition of the rented shops. The crumbling concrete slabs pose a serious threat, and shopkeepers fear a repeat of the Valiyangaadi incident if the corporation fails to take immediate action.