ദേശീയപാത നിര്‍മാണം നടക്കുന്ന കോഴിക്കോട് നന്തിയില്‍ സര്‍വീസ് റോഡിലെ അപകടകുഴി അടയ്ക്കാന്‍ യാതൊരു നടപടിയും എടുക്കാതെ കരാറുകാര്‍. മഴ മാറിയിട്ട് ശരിയാക്കുമെന്ന വാക്കും പാഴായി. പൊടിശല്യവും ഗതാഗത കുരുക്കും കാരണം വലയുകയാണ് നാട്ടുകാര്‍.
മഴയും വെള്ളക്കെട്ടും മാറിയാല്‍ കുഴി നികത്തുന്നതുള്‍പ്പെടെയുള്ള സര്‍വീസ് റോഡിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു കാരാറുകാര്‍ പറഞ്ഞത്. അപകടങ്ങള്‍ നിരവധി ഉണ്ടായിട്ടും ഡ്രെയിനേജ് സ്ലാബ് തകര്‍ന്ന് രൂപപ്പെട്ട കുഴി അതുപൊലേ തന്നെ ഉണ്ട്. അപകട സൂചനയായി വീപ്പകള്‍ നിരത്തി റിബണുകള്‍ വലിച്ചു കെട്ടിയത് ഒഴിച്ചാല്‍ മറ്റൊന്നും ചെയ്തിട്ടില്ല.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മെറ്റല്‍ മാത്രം നിരത്തിയതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ പൊടി ശല്യം ഇരട്ടിയായി. ഗതാഗത കുരുക്ക് പഴയതിലും രൂക്ഷമായി തുടരുകയാണ്. ഡ്രൈയിനേജ് നിര്‍മ്മാണവും നിലച്ചു. അടുത്തമഴയ്ക്ക് മുന്നെയെങ്കിലും കുഴിയില്‍ വീഴാതെ പോകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.