കോഴിക്കോട് കുരിക്കത്തൂര്‍ ചേനപ്പാറയില്‍ കുടിവെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നതായി പരാതി. കെമിക്കല്‍ ഓക്സൈഡ് നിര്‍മാണ സ്ഥാപനത്തിലെ മാലിന്യം കുഴിച്ചുമൂടി ഒരാഴ്ചയ്ക്കകമാണ് കിണറുകളിലെ വെള്ളത്തിന്‍റെ നിറം മാറിയത്. വെള്ളത്തിലൂടെ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
അഴുക്ക് ചാലില്‍ നിന്ന് പമ്പ് ചെയ്ത വെള്ളമല്ലിത്. ചേനപ്പാറ സ്വദേശി അരവിന്ദാക്ഷന്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറിന്‍റെ അവസ്ഥയാണ്. തൊട്ടടുത്ത വീടുകളിലെ കിണറിന്‍റെ സ്ഥിതിയും സമാനം. സമീപത്തെ കെമിക്കല്‍ ഓക്സൈഡ് നിര്‍മാണസ്ഥാപനം മറ്റൊരാള്‍ ഏറ്റെടുത്തപ്പോള്‍ പഴയ വ്യവസായത്തിന്‍റെ ഭാഗമായി സൂക്ഷിച്ച രാസവസ്തുക്കള്‍ കുഴിച്ചുമൂടിയെന്നാണ് നാട്ടുകാരുടെ ആരോപണം. മഴകൂടി പെയ്തതോടെ കിണറ്റിലേക്ക് രാസമാലിന്യം ഒഴുകിയെത്തി.
കുടിവെള്ളം ഉപയോഗശൂന്യമായതോടെ വീട്ടുകാര്‍ താമസംമാറി. നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി കിണര്‍വെള്ളം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. അരകിലോമീറ്റര്‍ ചുറ്റളവിലെ വീടുകളില്‍ നിന്നാണ് സാംപിള്‍ ശേഖരിച്ചത്. കെട്ടിടം ഏറ്റെടുത്ത പുതിയ ഉടമയുടെ നേതൃത്വത്തില്‍ കുഴിച്ചുമൂടിയ മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കംചെയ്യാന്‍ ശ്രമം നടന്നിരുന്നു.