തൊട്ടപ്പുറത്ത് കബനീ നദി നിറഞ്ഞൊഴുകുമ്പോൾ വരണ്ടുണങ്ങിയ പാടത്ത് പുഞ്ച കൃഷി ഇറക്കാനാവാതെ കർഷകർ ദുരിതത്തിൽ.
വയനാട് മുള്ളൻകൊല്ലി പഞ്ചായത്തിലെ ഗ്രിഹന്നൂർ പാടത്ത് പുതിയ ജലസേചന പദ്ധതി വാഗ്ദാനം ചെയ്തു മടങ്ങിയ മന്ത്രിയെ പിന്നെ കാണാനില്ലെന്ന്
ഒരു വശത്ത് കബനീ നദി കർണാടകയിലേയ്ക്ക് ഒഴുകുമ്പോൾ നോക്കിനിൽക്കാനെ കർഷകർക്കു കഴിയുന്നുള്ളു. വെള്ളം തരില്ലെന്ന് ആരും പറയുന്നില്ല. വേണ്ടെന്നും ആരും പറയുന്നില്ല. പക്ഷേ വെള്ളം എത്തിക്കാനുള്ള പദ്ധതി മുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് കർഷകർ.
രണ്ടു വർഷമായി തുടരുന്ന ഈ ദുരിതം തീർക്കേണ്ട അധികൃതരാകട്ടെ കണ്ട മട്ടില്ല. 20 വർഷം മുൻപ് സ്ഥാപിച്ച ജലസേചന പദ്ധതിയിലെ മോട്ടർ പണി മുടക്കിയതോടെയാണ് കർഷകരുടെ ശനിദിശ തുടങ്ങിയത്. കാലപ്പഴക്കം കാരണം പ്രവർത്തനം നിലച്ച മോട്ടർ മാറ്റിവയ്ക്കുമെന്ന് അധികൃതർ നൽകിയ വാക്ക് കബനീ നദിയിലെ വെള്ളത്തിൽ വരച്ച വരപോലെയായി.
2024 കൃഷിമന്ത്രി പി പ്രസാദാണ് സ്ഥലത്തെത്തി പുതിയൊരു ജലസേചന പദ്ധതി തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം അങ്ങനെതന്നെ തുടരുന്നു. പദ്ധതിയെക്കുറിച്ച് മന്ത്രിക്കുതന്നെ അറിയാമോ എന്നതിലാണ് കർഷകർക്ക് ഇപ്പോൾ സംശയം.
രണ്ടുവർഷമായി കൃഷി ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ ഇനി ആരെങ്കിലും എന്തെങ്കിലും ചെയ്താൽ മതിയെന്നാണ് അവർ പറയുന്നത്. കബനിയിലൂടെ വെള്ളമൊഴുകുന്നതു കണ്ട് നെടുവീർപ്പിടാനേ കർഷകർക്കു കഴിയുന്നുള്ളു.