kalluthan-market

 കോഴിക്കോട് പാളയത്തെ പഴം പച്ചക്കറി ചന്ത കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതിനെതിരെ സമരരംഗത്തുള്ള വ്യാപാരികളെ അനുനയിപ്പിക്കാന്‍ കോര്‍പറേഷന്‍റെ ശ്രമം.

പരാതികള്‍ രേഖാമൂലം എഴുതി തന്നാല്‍ പരിഗണിക്കാണമെന്ന് മേയര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച മുഖ്യമന്ത്രിയാണ് പുതിയ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുന്നത്. കച്ചവടം കുറയാനുള്ള സാധ്യതയും ഉയര്‍ന്ന വാടകയും കണക്കിലെടുത്താണ് കല്ലുത്താന്‍കടവിലേക്ക് മാറാന്‍ പാളയത്തെ വ്യാപാരികള്‍ മടിക്കുന്നത്. ചന്ത മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഏറെ നാളായി സമരത്തിലുള്ള വ്യാപാരികള്‍ ഉദ്ഘാടനദിവസവും പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ്  കോര്‍പറേഷന്‍റെ അനുനയശ്രമം.

കല്ലുത്താന്‍കടവിലെ പുതിയ സമുച്ചയത്തില്‍ കച്ചവടം ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലത്തെ കടകളാണ് പാളയത്തെ വ്യാപാരികള്‍ക്ക് നല്‍കിയിട്ടുള്ളതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മേയര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ എത്രയും വേഗം എഴുതി നല്‍കുമെന്ന് മേയറെ കണ്ടശേഷം വ്യാപാരികളും  വ്യക്തമാക്കി. 

ENGLISH SUMMARY:

Kozhikode market relocation is facing opposition from vegetable vendors. The vendors are protesting the move to Kalluthankadavu due to concerns about reduced business and high rents